കീവ്: റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ഉക്രൈന്‍ പ്രസിഡന്റ് വൊളോദമിര്‍ സെലന്‍സ്‌കി മൂന്ന് തവണ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച മൂന്ന് തവണയാണ് സെലന്‍സ്‌കിയെ വധിക്കാന്‍ ശ്രമമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉക്രൈനിയന്‍ രക്ഷാ സേനയുടെയും ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടലുകള്‍ മൂലമാണ് സെലന്‍സ്‌കിയെ വധിക്കാനുള്ള ശ്രമം പാളിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയിലെ പ്രൈവറ്റ് മിലിറ്റന്റ് ഗ്രൂപ്പായ ദി വാഗ്നര്‍ ഗ്രൂപ്പ്, ചെച്ചാന്‍ റിബല്‍സ് എന്നീ രണ്ട് ഗ്രൂപ്പുകളാണ് സെലന്‍സ്‌കിയെ വധിക്കാനായെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസാണ് (എഫ്.എസ്.ബി) സെലന്‍സ്‌കിയെ കൊലപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട ചെച്ചാന്‍ ഗ്രൂപ്പിനെ പറ്റി ഉക്രൈന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതെന്നും, ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഉക്രൈന് വേണ്ട വിധത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിച്ചതെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യ നല്‍കിയ മുന്നറിയിപ്പ് പ്രകാരം സെലന്‍സ്‌കിയെ വധിക്കാനെത്തിയ ചെച്ചാന്‍ റിബല്‍സിലെ എലീറ്റ് ഗ്രൂപ്പിനെ ‘തീര്‍ത്തു’ എന്നാണ് ഉക്രൈന്‍ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറിയായ ഒലെക്‌സി ഡാനിലോവ് പറഞ്ഞത്.
ഉക്രൈന്‍ തലസ്ഥാനത്തുവെച്ച് കഴിഞ്ഞ ശനിയാഴ്ച ചെച്ചാന്‍ ഗ്രൂപ്പിനെ വധിച്ചുവെന്നും, എഫ്.എസ്.ബിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയതെന്നും ഡാനിലോവ് പറയുന്നു.
എഫ്.എസ്.ബി
എന്നാല്‍ തങ്ങളുടെ ആക്രമണത്തെ കുറിച്ച് ഉക്രൈന് മുന്നറിയിപ്പ് ലഭിച്ചതായി വാഗ്നര്‍ ഗ്രൂപ്പിന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് വാഗ്നര്‍ ഗ്രൂപ്പിന് എവിടെ നിന്നുമാണ് വിവരം ലഭിച്ചതെന്നത് ഇപ്പോഴും അജ്ഞാതമാണെന്ന് സെലന്‍സ്‌കിയുടെ സുരക്ഷാ ഉഗ്യോഗസ്ഥര്‍ പറഞ്ഞതായും ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സെലന്‍സ്‌കിയെ യുദ്ധമുഖത്തില്‍ നിന്നും സുരക്ഷിതമായി രക്ഷപ്പെടുത്താമെന്ന് അമേരിക്ക നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആ വാഗ്ദാനം തിരസ്‌കരിച്ച സെലന്‍സ്‌കി ഉക്രൈനില്‍ തന്നെ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, റഷ്യന്‍ ഷെല്ലാക്രമണത്തിന് പിന്നാലെ ഉക്രൈനിലെ ആണവനിലയത്തിന് തീപ്പിടിത്തമുണ്ടായതായി ഉക്രൈന്‍ വക്താവ് ആന്ദ്രേ തുസ് പറഞ്ഞിരുന്നു.
റഷ്യ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും, വെടിനിര്‍ത്തലിലേക്കുള്ള ഒരു നീക്കവും കാണുന്നില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളോട് സൈനിക സഹായം വര്‍ധിപ്പിക്കണമെന്നും വിമാനങ്ങള്‍ നല്‍കണമെന്നും സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.
ആക്രമണത്തില്‍ പ്ലാന്റിന്റെ പവര്‍ യൂണിറ്റ് തകര്‍ന്നിട്ടുണ്ട്. അപകടസ്ഥിതി കണക്കിലെടുത്ത് യുദ്ധം ഉടന്‍ നിര്‍ത്തണമെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ആവശ്യപ്പെട്ടു.
‘യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോരിഷ്യക്ക് നേരെ റഷ്യന്‍ സൈന്യം എല്ലാ ഭാഗത്തുനിന്നും വെടിയുതിര്‍ത്തു. ഇതിനകം തന്നെ അഗ്‌നിബാധ തുടങ്ങിയിട്ടുണ്ട്,’ പ്ലാന്റ് പൊട്ടിത്തെറിച്ചാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ആണവ ദുരന്തത്തെ പറ്റി മുന്നറിയിപ്പ് നല്‍കി അദ്ദേഹം ട്വീറ്റ് ചെയ്തു. അഗ്‌നിശമനസേനയെ റഷ്യ ഇവിടെ അനുവദിക്കണമെന്നും സുരക്ഷ മേഖല സൃഷ്ടിക്കണമെന്നും ദിമിട്രോ കുലേബ കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ ഉക്രൈനിലെ എനെര്‍ഹോദറില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
എനെര്‍ഹോദറിലെ സൈനിക നടപടികള്‍ ഉടനടി നിര്‍ത്തണമെന്നും അവിടെ പ്രവര്‍ത്തിക്കുന്ന സൈനിക സേനയോട് ആണവ നിലയത്തിന് സമീപമുള്ള അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നനും ഐ.എ.ഇ.എ ഡയറക്ടര്‍ റാഫേല്‍ മരിയാനോ ഗ്രോസി ആവശ്യപ്പെട്ടിരുന്നതായി ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: Ukraine President Volodymyr Zelensky Survived 3 Assassination Attempts In Last Week: Report