കീവ്: റഷ്യയുമായുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഉക്രൈനില്‍ പട്ടാള നിയമത്തിന്റെ പ്രാബല്യ കാലാവധി നീട്ടാനൊരുങ്ങി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. ഇത് സംബന്ധിച്ച ബില്‍ സെലന്‍സ്‌കി ഉക്രൈന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
തിങ്കളാഴ്ച ബില്‍ അവതരിപ്പിച്ച കാര്യം പാര്‍ലമെന്റിന്റെ വെബ്‌സൈറ്റ് തന്നെയാണ് പുറത്തുവിട്ടത്.
മാര്‍ച്ച് 24ന് പ്രാബല്യത്തില്‍ വരുന്ന തരത്തില്‍, അടുത്ത 30 ദിവസത്തേക്ക് കൂടി നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള പ്രസിഡന്റിന്റെ അധികാരം അനുവദിക്കണം എന്നാണ് ബില്ലില്‍ പറയുന്നത്. ഇതോടെ ഏപ്രില്‍ അവസാനം വരെ രാജ്യത്ത് മാര്‍ഷ്യല്‍ ലോ പ്രാബല്യത്തില്‍ വരും.
യുദ്ധം, ആഭ്യന്തര കലാപം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുടെ സമയത്താണ് പട്ടാളനിയമം നടപ്പാക്കുന്നത്. നിയമം നിലവില്‍ വരുന്നതോടെ ഒരു പ്രദേശത്തെ മിലിറ്ററി കമാന്‍ഡര്‍ക്ക് പ്രദേശത്തെ ക്രമസമാധാനം നടപ്പിലാക്കാനുള്ള അധികാരം ലഭിക്കും.
2022 ഫെബ്രുവരി 24ന് റഷ്യ ഉക്രൈനില്‍ ആക്രമണം ആരംഭിച്ച ദിവസം തന്നെയായിരുന്നു സെലന്‍സ്‌കി പട്ടാളനിയമം രാജ്യത്ത് പ്രഖ്യാപിച്ചത്.
ഇതോടെ 18നും 60നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ ഉക്രൈന്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ നിയന്ത്രണമുണ്ടാകുമെന്നും എല്ലാ റിസര്‍വ് ഫോഴ്‌സുകള്‍ക്ക് മേലും ജനറല്‍ മൊബിലൈസേഷനും ഏര്‍പ്പെടുത്തുമെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു.
മുമ്പ് 2018 നവംബറിലും ഉക്രൈനില്‍ പട്ടാളനിയമം നടപ്പിലാക്കിയിരുന്നു.
Content Highlight: Ukraine President Volodymyr Zelensky Submits Bill Extending Martial Law Until Late April