കീവ്: തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്കണമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.
ഡൊണട്‌സ്‌ക് പ്രവിശ്യയിലെ റഷ്യയുടെ അധീനതയിലുള്ള ജയിലില്‍ ഡസന്‍ കണക്കിന് തടവുകാര്‍ കൊല്ലപ്പെട്ടത് റഷ്യ തീവ്രവാദത്തിന്റെ സ്പോണ്‍സര്‍ ആണെന്ന് നിയമപരമായി പ്രഖ്യാപിക്കണമെന്നതിന് തെളിവാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലായിരുന്നു ഉക്രൈന്‍ പ്രസിഡന്റിന്റെ പ്രതികരണം.
”അത് ബോധപൂര്‍വമായ റഷ്യന്‍ യുദ്ധക്കുറ്റകൃത്യമായിരുന്നു, ഉക്രൈനിയന്‍ യുദ്ധത്തടവുകാരെ റഷ്യ ബോധപൂര്‍വം കൂട്ടക്കൊല ചെയ്തു.
നിരവധി ഭീകരാക്രമണങ്ങളിലൂടെ, ഇന്ന് ലോകത്തെ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്രോതസ് തങ്ങളാണെന്ന് റഷ്യ തെളിയിച്ചിട്ടുണ്ട്,” സെലന്‍സ്‌കി പറഞ്ഞു.
റഷ്യയെ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് അമേരിക്ക പെട്ടെന്ന് തന്നെ ഒരു തീരുമാനമെടുക്കണമെന്നും വീഡിയോ സന്ദേശത്തില്‍ സെലന്‍സ്‌കി ആവശ്യപ്പെടുന്നുണ്ട്.
”ഞാന്‍ അപേക്ഷിക്കുകയാണ്, പ്രത്യേകിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയോട്. ഒരു തീരുമാനം ആവശ്യമാണ്, അത് ഇപ്പോള്‍ തന്നെ ആവശ്യമാണ്,” സെലന്‍സ്‌കി പറഞ്ഞു.
ഡൊണട്‌സ്‌ക് പ്രവിശ്യയിലെ ജയിലിന് നേരെയുണ്ടായ ആക്രമണം റഷ്യ ചെയ്തതാണെന്ന് ഉക്രൈനും ഉക്രൈന്‍ ചെയ്തതാണെന്ന് റഷ്യയും ആരോപിക്കുകയാണ്. അമേരിക്കന്‍ നിര്‍മിത ആയുധങ്ങളുടെയും സ്‌ഫോടക വസ്തുക്കളുടെയും സഹായത്തോടെ ഉക്രൈനാണ് ജയിലിന് നേരെ ആക്രമണം നടത്തിയതെന്നാണ് റഷ്യ ആരോപിക്കുന്നത്.
എന്നാല്‍ ഇത് ഉക്രൈന്‍ നിഷേധിച്ചിരുന്നു.
ജയിലിന് നേരെയുണ്ടായ ഷെല്ലാക്രമണം ബോധപൂര്‍വമായ റഷ്യന്‍ യുദ്ധക്കുറ്റമാണെന്ന് വിശേഷിപ്പിച്ച ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി 50ലധികം ഉക്രൈനിയന്‍ തടവുകാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും പറഞ്ഞു.
ആക്രമണ- പ്രത്യാക്രമണങ്ങളുടെ സമയത്ത് അടിസ്ഥാന സൗകര്യങ്ങളെയോ യുദ്ധ തടവുകാരെയോ ലക്ഷ്യമിട്ട് ഉക്രൈന്‍ ഒരിക്കലും ആക്രമണം നടത്തിയിട്ടില്ലെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
ഡൊണട്‌സ്‌ക് പ്രവിശ്യയിലെ ജയിലിലുണ്ടായ സ്‌ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, ഉക്രൈന്‍- റഷ്യ യുദ്ധം അഞ്ച് മാസം പിന്നിട്ടിരിക്കുകയാണ്. 2021 ഫെബ്രുവരി 24നായിരുന്നു റഷ്യ ഉക്രൈനില്‍ അധിനിവേശ ശ്രമങ്ങളും ആക്രമണവും ആരംഭിച്ചത്.
Content Highlight: Ukraine president Volodymyr Zelensky asks to recognise Russia as State Sponsor of Terrorism