കീവ്: ഉക്രൈന് പിന്തുണയുമായി അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ ബഹിരാകാശ ഗവേഷണ- നിര്‍മാണ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ സഹായവും ഉക്രൈന് ലഭിക്കുന്നുണ്ട്.
ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി തന്നെയാണ് മസ്‌കിന്റെ പിന്തുണക്കും സേവനത്തിനും നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.
സ്‌പേസ് എക്‌സ് വഴി ഓപ്പറേറ്റ് ചെയ്യുന്ന സ്റ്റാര്‍ലിങ്ക് സിസ്റ്റത്തിന്റെ സേവനം ഉക്രൈന് ലഭിക്കുന്നുണ്ടെന്നും ഭാവിയില്‍ നടപ്പിലാക്കാവുന്ന ബഹിരാകാശ പ്രോജക്ടുകളെ കുറിച്ച് മസ്‌കിനോട് ചര്‍ച്ച ചെയ്‌തെന്നും സെലന്‍സ്‌കി ട്വീറ്റില്‍ പറഞ്ഞു.
സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ടെര്‍മിനലുകള്‍ അടുത്തയാഴ്ച ഉക്രൈനിലെത്തുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
”ഇലോണ്‍ മസ്‌കുമായി സംസാരിച്ചു. വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തി കൊണ്ടും അദ്ദേഹം ഉക്രൈനെ പിന്തുണക്കുന്നതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു.
ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട നഗരങ്ങള്‍ക്ക് വേണ്ടി അടുത്തയാഴ്ച മറ്റൊരു ബാച് സ്റ്റാര്‍ലിങ്ക് സിസ്റ്റം (Starlink Systems) കൂടി ഞങ്ങള്‍ സ്വീകരിക്കും. സാധ്യമായ സ്‌പേസ് പ്രോജക്ടുകളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
എങ്കിലും, ഇതിനെക്കുറിച്ചെല്ലാം യുദ്ധത്തിന് ശേഷം സംസാരിക്കാം,” സെലന്‍സ്‌കി ട്വിറ്ററില്‍ കുറിച്ചു.
ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയുടെ ഭാഗമായ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കോണ്‍സ്റ്റലേഷന്‍ ആണ് സ്റ്റാര്‍ലിങ്ക്.
Content Highlight: Ukraine President Volodymyr Zelenskiy said spoken to SpaceX CEO Elon Musk and will receive Starlink satellite internet terminals next week