World News
ഒടുവില്‍ കുറ്റസമ്മതം; ഉക്രൈന്‍ വിമാനാപകടത്തിന് പിന്നില്‍ തങ്ങളെന്ന് ഇറാന്‍; 'സംഭവിച്ചത് കൈപ്പിഴ'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 11, 05:55 am
Saturday, 11th January 2020, 11:25 am

176 പേരുടെ മരണത്തിനിടയാക്കി ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നുവീണതില്‍ കുറ്റസമ്മതം നടത്തി ഇറാന്‍. വിമാനം തകര്‍ന്നതിന് പിന്നില്‍ തങ്ങളാണെന്നും എന്നാല്‍ മനപ്പൂര്‍വം ചെയ്ത കൃത്യമല്ലെന്നും ഇറാന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇറാന്‍ പറഞ്ഞു.

ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിന്റെ നിയന്ത്രണ പരിധിയിലായിരുന്ന വിമാനമാണ് ബുധനാഴ്ച യാത്ര ആരംഭിക്കുന്നതിനിടെ തകര്‍ന്നുവീണത്. ബോയിങ് 737 വിമാനമാണ് സാങ്കേതിക തകരാര്‍ രേഖപ്പെടുത്തി ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്.

വിമാനം തകര്‍ന്നതിന് പിന്നില്‍ ഇറാന്‍ വ്യോമാക്രമണമാണെന്ന് അമേരിക്കയും കാനഡയും ആരോപിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇറാന്‍ ആരോപണം നിഷേധിക്കുകയായിരുന്നു. തകര്‍ന്ന ബോയിങ് വിമാനം തകരുമ്പോള്‍ അതേ ഉയരത്തില്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിയില്‍ ധാരാളം വിമാനങ്ങള്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ടുതന്നെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നുമായിരുന്നു ഇറാന്‍ വാദിച്ചിരുന്നത്.

ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപം മിസൈല്‍ ഒരു വിമാനത്തെ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു. ബെല്ലിംഗ്കാറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിന്റേതാണ് ഈ ദൃശ്യങ്ങള്‍.

ടെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. ഉക്രെയിന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ