കീവ്: ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ‘റഷ്യന്‍ അനുകൂല’മായി വിലയിരുത്തപ്പെട്ട കമന്റില്‍ പ്രതിഷേധം കടുപ്പിച്ച് ഉക്രൈന്‍.
‘റഷ്യയെ അപമാനിക്കാതിരിക്കേണ്ടത് പ്രധാനമാണ്’ എന്ന മക്രോണിന്റെ പരാമര്‍ശമാണ് വലിയ രീതിയില്‍ പ്രതിഷേധത്തിനിടയാക്കിയത്.
ഫ്രാന്‍സിന്റെ ഇത്തരം നിലപാടുകള്‍ ‘ഫ്രാന്‍സിനെ തന്നെയായിരിക്കും അപമാനിതയാക്കുക’ എന്നാണ് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബ വിഷയത്തോട് പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
”റഷ്യയെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന ആഹ്വാനം ഫ്രാന്‍സ് സ്വയം അപമാനിതയാകുന്നതിനേ കാരണമാകൂ. ഇത്തരത്തില്‍ ആഹ്വാനം ചെയ്യുന്ന എല്ലാ രാജ്യത്തിനും ഇതായിരിക്കും അവസ്ഥ.
കാരണം റഷ്യ തന്നെയാണ് റഷ്യയെ അപമാനിക്കുന്നത്. റഷ്യയെ സ്വന്തം സ്ഥാനത്ത് നിലയ്ക്ക് നിര്‍ത്തേണ്ടത് എങ്ങനെയാണ് എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ഇതായിരിക്കും സമാധാനത്തിന് വഴി വെക്കുക, ജീവനുകള്‍ രക്ഷിക്കുക,” കുലേബ ട്വീറ്റ് ചെയ്തു.
യുദ്ധാനന്തരമുള്ള നയതന്ത്ര ബന്ധങ്ങള്‍ സുഗമമാകണമെങ്കില്‍ റഷ്യയെ അപമാനിക്കാതിരിക്കേണ്ടത് പ്രധാനമാണെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ അഭിപ്രായപ്രകടനം. പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മക്രോണിന്റെ പ്രതികരണം.
”നമ്മള്‍ റഷ്യയെ അപമാനിക്കാന്‍ പാടില്ല. എന്നാല്‍ മാത്രമേ യുദ്ധം അവസാനിക്കുന്ന സമയം നമുക്ക് നയതന്ത്ര വഴിയിലൂടെ ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ,” എന്നായിരുന്നു ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞത്.
ഇക്കാര്യത്തില്‍ മധ്യസ്ഥ ശക്തിയാകാന്‍ പോകുന്നത് ഫ്രാന്‍സ് ആയിരിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും മക്രോണ്‍ പറഞ്ഞിരുന്നു.
റഷ്യ ഉക്രൈനില്‍ ആക്രമണം ആരംഭിച്ചത് മുതല്‍ തുടര്‍ച്ചയായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി മക്രോണ്‍ ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്. വെടിനിര്‍ത്തലുമായും റഷ്യ- ഉക്രൈന്‍ ഒത്തുതീര്‍പ്പുമായും ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചകള്‍ നടത്തി വന്നത്.