| Monday, 21st February 2022, 10:50 pm

ഇതെല്ലാം റഷ്യയുടെ വ്യാജ വാര്‍ത്താ ഫാക്ടറിയുടെ ഉത്പന്നം; നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് സൈനികരെ വധിച്ചെന്ന ആരോപണത്തില്‍ ഉക്രൈന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൈവ്: തങ്ങളെ ആക്രമിക്കാനായി റഷ്യ നുണപ്രചാരണം നടത്തുകയാണെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഞ്ച് ഉക്രേനിയന്‍ സൈനികരെ വധിച്ചെന്ന റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

ക്രേനിയന്‍ സായുധ സേന ഡൊനെറ്റ്സ്‌കിലും ലുഗാന്‍സ്‌കിലും ആക്രമണം നടത്തിയിട്ടില്ലെന്നും അതിര്‍ത്തി കടന്ന് അട്ടിമറിക്കാരെയോ സൈനികരെയോ അയച്ചിട്ടില്ലെന്നും ഉക്രൈന്‍ അറിയിച്ചു.

റഷ്യയുടെ അതിര്‍ത്തി ചെക്ക്പോസ്റ്റിന് നേരെ ഷെല്ലാക്രമണം നടത്തി എന്ന ആരോപണവും ഉക്രൈന്‍ നിഷേധിച്ചു. ഇവയെല്ലാം റഷ്യയുടെ വ്യാജ വാര്‍ത്താ ഫാക്ടറിയുടെ ഉത്പന്നങ്ങളാണെന്നും ഉക്രൈന്‍ പ്രതികരിച്ചു.

റഷ്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഉക്രൈന്‍ സൈനികരെ വധിച്ചതായി റഷ്യന്‍ സേന പറഞ്ഞിരുന്നു. അവര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും ഉക്രൈന്‍ തകര്‍ത്തതായും റഷ്യ അവകാശപ്പെട്ടിരുന്നു. റോസ്‌തോവ് മേഖലയിലെ മിത്യകിന്‍സ്‌കായ ഗ്രാമത്തിന് സമീപം രാവിലെ ആറിനാണ് അഞ്ച് പേരെ വധിച്ചുവെന്നാണ് റഷ്യന്‍ സേന പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

അതേസമയം, ഉക്രൈനെ ആക്രമിക്കാനുള്ള അന്തിമ പദ്ധതി റഷ്യ തയ്യാറാക്കിയിട്ടുണ്ടെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി. ഉക്രൈനിന്റെ അതിര്‍ത്തിയില്‍ ജനുവരി 30ന് 1,50,000 സൈനികരെ റഷ്യ വിന്യസിച്ചതായാണ് അമേരിക്ക വ്യക്തമാക്കുന്നത്.

സ്വതന്ത്രപരമാധികാരരാജ്യമായ ഉക്രൈന്‍ സ്വന്തംകാര്യം തീരുമാനിക്കുമെന്നാണ് അമേരിക്കയുടെയും നാറ്റോയുടെയും നിലപാട്. ഉക്രൈന് ആയുധവും പരിശീലനവും നല്‍കുന്നത് തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഉക്രൈനെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നാണ് ഇതുവരെ റഷ്യ പറഞ്ഞിരുന്നത്. അതിന് വിപരീതമായാണ് അഞ്ച് ഉക്രൈനിയന്‍ സൈനികരെ വധിച്ചുവെന്ന വെളിപ്പെടുത്തലില്‍ റഷ്യ രംഗത്തെത്തിയത്.

ഉക്രൈനില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുകയാണെന്ന് റഷ്യ പറയുമ്പോഴും അവരുടെ മിസൈല്‍ പരീക്ഷണം ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഹൈപ്പര്‍സോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. റഷ്യന്‍ സൈനിക മേധാവി വലേറി ജെറാസിമോവ് ആണ് പരീക്ഷണവിവരം പുറത്തുവിട്ടത്. പരീക്ഷണം നടത്തിയ എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തു തന്നെ പതിച്ചെന്ന് ജെറാസിമോവ് അറിയിച്ചു.

CONTENT HIGHLIGHTS: Ukraine denies killing of five infiltrators Russia

We use cookies to give you the best possible experience. Learn more