കൈവ്: തങ്ങളെ ആക്രമിക്കാനായി റഷ്യ നുണപ്രചാരണം നടത്തുകയാണെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഞ്ച് ഉക്രേനിയന്‍ സൈനികരെ വധിച്ചെന്ന റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
ക്രേനിയന്‍ സായുധ സേന ഡൊനെറ്റ്സ്‌കിലും ലുഗാന്‍സ്‌കിലും ആക്രമണം നടത്തിയിട്ടില്ലെന്നും അതിര്‍ത്തി കടന്ന് അട്ടിമറിക്കാരെയോ സൈനികരെയോ അയച്ചിട്ടില്ലെന്നും ഉക്രൈന്‍ അറിയിച്ചു.
റഷ്യയുടെ അതിര്‍ത്തി ചെക്ക്പോസ്റ്റിന് നേരെ ഷെല്ലാക്രമണം നടത്തി എന്ന ആരോപണവും ഉക്രൈന്‍ നിഷേധിച്ചു. ഇവയെല്ലാം റഷ്യയുടെ വ്യാജ വാര്‍ത്താ ഫാക്ടറിയുടെ ഉത്പന്നങ്ങളാണെന്നും ഉക്രൈന്‍ പ്രതികരിച്ചു.
റഷ്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഉക്രൈന്‍ സൈനികരെ വധിച്ചതായി റഷ്യന്‍ സേന പറഞ്ഞിരുന്നു. അവര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും ഉക്രൈന്‍ തകര്‍ത്തതായും റഷ്യ അവകാശപ്പെട്ടിരുന്നു. റോസ്‌തോവ് മേഖലയിലെ മിത്യകിന്‍സ്‌കായ ഗ്രാമത്തിന് സമീപം രാവിലെ ആറിനാണ് അഞ്ച് പേരെ വധിച്ചുവെന്നാണ് റഷ്യന്‍ സേന പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
അതേസമയം, ഉക്രൈനെ ആക്രമിക്കാനുള്ള അന്തിമ പദ്ധതി റഷ്യ തയ്യാറാക്കിയിട്ടുണ്ടെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി. ഉക്രൈനിന്റെ അതിര്‍ത്തിയില്‍ ജനുവരി 30ന് 1,50,000 സൈനികരെ റഷ്യ വിന്യസിച്ചതായാണ് അമേരിക്ക വ്യക്തമാക്കുന്നത്.