| Thursday, 3rd March 2022, 5:44 pm

കേഴ്‌സണ്‍ പൂര്‍ണമായും പിടിച്ചെടുത്ത് റഷ്യ; ആണവയുദ്ധം അജണ്ടയിലില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി; സമാധാന ചര്‍ച്ച വൈകീട്ട് 6:30ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: ഉക്രൈന്‍ നഗരമായ കേഴ്‌സണ്‍ റഷ്യ പൂര്‍ണമായും പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. നഗരഭരണ കേന്ദ്രം റഷ്യയുടെ നിയന്ത്രണത്തിലായതായി കേഴ്‌സണ്‍ മേയര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ കരിങ്കടലില്‍ നിന്നും ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്കുള്ള പാത റഷ്യയുടെ നിയന്ത്രണത്തിന് കീഴിലായിരിക്കുകയാണ്.

കേഴ്‌സണിലേക്ക് തങ്ങളുടെ സൈന്യം കടന്നതായി റഷ്യ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേഴ്‌സണ്‍ മേയറുടെ ഭാഗത്ത് നിന്ന് തന്നെ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്.

റഷ്യന്‍ സേന അവിടെ ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചതായി മേയര്‍ അറിയിച്ചു.

എന്നാല്‍, തലസ്ഥാനമായ കീവില്‍ റഷ്യ നിലവില്‍ സൈനികമായി വലിയ മുന്നേറ്റം നടത്തുന്നില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

സാങ്കേതികമായും സൈനികമായും കൂടുതല്‍ സംവിധാനങ്ങളെത്തിക്കുന്നതില്‍ തടസമുള്ളതിനാലാണ് റഷ്യ കൂടുതല്‍ വലിയ ആക്രമണങ്ങളിലേക്ക് നിലവില്‍ കടക്കാത്തതെന്നാണ് സൂചന.

അതേസമയം ആണവായുധങ്ങള്‍ പ്രയോഗിക്കുന്നതും ആണവയുദ്ധവും തങ്ങളുടെ അജണ്ടയിലില്ലെന്ന് റഷ്യ പ്രതികരിച്ചു.

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അവരുടെ നാട്ടിലെ ജനങ്ങളുടെ വികാരം അനുകൂലമാക്കുന്നതിന് വേണ്ടി മനപൂര്‍വം സൃഷ്ടിച്ചെടുത്തതാണ് ഈ വാര്‍ത്തയെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജിയോ ലെവറോവ് ആരോപിച്ചു.

അതേസമയം, റഷ്യ- ഉക്രൈന്‍ വിഷയത്തില്‍ ഇന്ന് വൈകീട്ട് വീണ്ടും സമാധാന ചര്‍ച്ച നടക്കുന്നുണ്ട്. വൈകീട്ട് 6:30ന് ബെലാറസ്- പോളണ്ട് അതിര്‍ത്തിയിലെ ബ്രെസ്റ്റില്‍ വെച്ചാണ് ചര്‍ച്ച നടക്കുന്നത്.


Content Highlight: Ukraine city Kherson completely captured by Russia, Russia says won’t do nuclear war

We use cookies to give you the best possible experience. Learn more