യു.എ.ഇയുടെ മധ്യസ്ഥയില്‍ 230 തടവുകാരെ കൈമാറി ഉക്രൈനും റഷ്യയും
World News
യു.എ.ഇയുടെ മധ്യസ്ഥയില്‍ 230 തടവുകാരെ കൈമാറി ഉക്രൈനും റഷ്യയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2024, 6:59 pm

കിയവ്: സംഘര്‍ഷം തുടരുന്നതിനിടയിലും യു.എ.ഇയുടെ മധ്യസ്ഥയില്‍ 230 തടവുകാരെ കൈമാറി ഉക്രൈനും റഷ്യയും. ഇരു രാജ്യങ്ങളും 115 തടവുകാരെ വീതമാണ് കൈമാറിയത്. ബന്ദികളുടെ കൈമാറ്റത്തില്‍ യു.എ.ഇ നടത്തിയ നീക്കങ്ങള്‍ പൂര്‍ണമായും വിജയിച്ചുവെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

2024ല്‍, ഉക്രൈനും റഷ്യയുമായി നടത്തിയ ഏഴാമത്തെ മധ്യസ്ഥ ചര്‍ച്ചയിലാണ് 230 പേരെ ജയില്‍ മോചിതരാക്കിയത്. ഇതിനുമുമ്പും മധ്യസ്ഥ ചര്‍ച്ചകളെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തടവുകാരെ വിട്ടയച്ചിരുന്നു. അതില്‍ ജനുവരി മൂന്നിന് നടന്ന ബന്ദി കൈമാറ്റമാണ് രേഖപ്പെടുത്തായതില്‍ ഏറ്റവും വലിയ എക്‌സ്‌ചേഞ്ച്. 478 തടവുകാരെയാണ് ഈ ബന്ദി കൈമാറ്റത്തിലൂടെ ഇരു രാജ്യങ്ങളും കൈമാറിയത്.

നിലവില്‍ റഷ്യന്‍ തടവുകാരായ 115 പേരെ വിട്ടയച്ചതായി ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി സ്ഥിരീകരിച്ചു. റഷ്യ മോചിപ്പിച്ചവരില്‍ രാജ്യത്തെ ദേശീയ ഗാര്‍ഡ്, നാവിക സേന, സായുധ സേന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നുണ്ടെന്നും സെലന്‍സ്‌കി പ്രതികരിച്ചു.

തിരിച്ചെത്തിയ 82 പേര്‍, 2022ല്‍ റഷ്യ നിയന്ത്രണം ഏറ്റെടുത്ത തെക്കുകിഴക്കന്‍ തുറമുഖ നഗരമായ മരിയുപോളിനെ പ്രതിരോധിച്ചവരാണ്. തടവിലാക്കപ്പെട്ട മുഴുവന്‍ പൗരന്മാരെയും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

അതേസമയം ഉക്രൈന്‍ അധിനിവേശത്തിനിടെ കുര്‍സ്‌ക് മേഖലയില്‍ നിന്ന് തടവിലാക്കിയ സൈനികന്‍ ഉള്‍പ്പെടെ 115 പേരെ കൈമാറിയതായി റഷ്യയും സ്ഥിരീകരിച്ചു.

മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, കൈമാറ്റം ചെയ്യപ്പെട്ട തടവുകാരുടെ എണ്ണം ഇപ്പോള്‍ 1,788 ആയി വര്‍ധിച്ചുവെന്ന് യു.എ.ഇ മന്ത്രാലയം അറിയിക്കുകയും ചെയ്തു.

2022ല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യക്കെതിരെ ഉക്രൈന്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും ശക്തമായ ഒന്നായിരുന്നു കുര്‍ക്‌സിന്റെ അതിര്‍ത്തി കടന്നുകൊണ്ടുള്ള സൈനിക നടപടി. ഇത് റഷ്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു.

ഓഗസ്റ്റ് ആറിനാണ് ഉക്രൈന്‍ ഇത്തരത്തില്‍ ഒരു നുഴഞ്ഞുകയറ്റം നടത്തിയത്. കുര്‍ക്‌സിലെ നുഴഞ്ഞുകയറ്റിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ബന്ദി കൈമാറ്റമാണ് യു.എ.എയുടെ മധ്യസ്ഥയില്‍ ഇപ്പോള്‍ നടന്നത്.

Content Highlight: Ukraine and Russia handed over 230 prisoners under the mediation of the UAE