കട്ടിയുള്ള ചര്‍മമുണ്ടായാല്‍ ഉക്രൈന്‍ കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ കഴിയും; മാധ്യമപ്രവര്‍ത്തകയുടെ അധിക്ഷേപത്തിനെതിരെ ഉക്രൈന്‍ അംബാസിഡര്‍
World News
കട്ടിയുള്ള ചര്‍മമുണ്ടായാല്‍ ഉക്രൈന്‍ കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ കഴിയും; മാധ്യമപ്രവര്‍ത്തകയുടെ അധിക്ഷേപത്തിനെതിരെ ഉക്രൈന്‍ അംബാസിഡര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th March 2024, 6:58 pm

സ്റ്റോക്ക്‌ഹോം: കുടിയേറ്റക്കാരായ ഉക്രൈനികളെ സ്വീഡന്‍ മാധ്യമപ്രവര്‍ത്തക അധിക്ഷേപിച്ചതില്‍ പ്രതികരിച്ച് ഉക്രൈന്‍ അംബാസിഡര്‍ ആന്‍ഡ്രി പ്ലഖോട്ട്‌നുക്. മാധ്യമപ്രവര്‍ത്തകന്റെ പരാമര്‍ശം ആക്ഷേപകരമാണെന്നും അസ്വീകാര്യമാണെന്നും ആന്‍ഡ്രി പറഞ്ഞു.

ഉക്രൈനികള്‍ക്ക് കട്ടിയുള്ള ചര്‍മമുണ്ടായാല്‍ മാത്രമേ ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളില്‍ അവരെ വേര്‍തിരിച്ച് അറിയാന്‍ കഴിയുകയുള്ളുവെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകയായ ഇലാഫ് അലിയുടെ വിവാദ പ്രസ്താവന. സ്വീഡന്റെ ഔദ്യോഗിക സംപ്രേക്ഷകരായ എസ്.വൈ.ടി സംഘടിപ്പിച്ച ടോക്ക് ഷോയിലായിരുന്നു ഇലാഫ് അലിയുടെ പരാമര്‍ശം.

പരാമര്‍ശത്തില്‍ പ്രതികരിച്ച ഉക്രൈന്‍ അംബാസിഡര്‍ ഇലാഫ് അലിയും എസ്.വൈ.ടിയും തന്റെ പൗരന്മാരോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

2022ല്‍ സ്വീഡനില്‍ ഏറ്റവും കൂടുതല്‍ റസിഡന്‍സി പെര്‍മിറ്റ് ലഭിച്ചത് ഏത് രാജ്യത്തെ പൗരന്മാര്‍ക്കാണ് എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഇലാഫ് ഉക്രൈനികളെ അധിക്ഷേപിച്ചത്.

ചര്‍മത്തില്‍ വ്യത്യസ്തതയില്ലാത്തതിനാല്‍ ഉക്രൈന്‍ സ്ത്രീകള്‍ രാജ്യത്തേക്ക് കുടിയേറുന്നത് കണ്ടുപിടിക്കാന്‍ കഴിയുന്നില്ലെന്നും ഇലാഫ് അലി പറഞ്ഞിരുന്നു. ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളിലുള്ള സ്ത്രീകളില്‍ ഏതാനും ചിലര്‍ക്ക് നീല കണ്ണുകള്‍ ഉള്ളതിനാല്‍ അവര്‍ കുടിയേറ്റം നടത്തിയവരാണെന്ന് മനസിലാക്കാവുന്നതാണെന്നും ഇലാഫ് അധിക്ഷേപം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പരാമര്‍ശം വിവാദമായതോടെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തക സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ തയ്യാറാണെങ്കിലും മറ്റുള്ളവരെ പോലെ അവരോട് മോശമായി പെരുമാറാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇലാഫ് പോസ്റ്റില്‍ വിശദീകരിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് സ്വീഡനില്‍ അഭയം തേടിയവരില്‍ ഭൂരിഭാഗവും സിറിയ, ഇറാഖ്, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, സൊമാലിയ എന്നീ രാജ്യക്കാരാണ്.

അതേസമയം ലൈംഗിക തൊഴില്‍ എപ്പോഴും ചൂഷണത്തിന്റെ രൂപമാണെന്നും അത് ഒരു തൊഴിലായി കണക്കാക്കേണ്ടതില്ലെന്നുമാണ് സ്വീഡന്റെ നയം. രാജ്യത്ത് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ അധികവും വിദേശികളാണെന്നുമാണ് കണക്കുകള്‍.

Content Highlight: Ukraine ambassador against Swedish journalist