കീവ്: റഷ്യന്‍ അധീനതയിലുള്ള ദക്ഷിണ ഉക്രൈന്‍ മേഖലകളില്‍ ശക്തമായ തിരിച്ചടി നല്‍കി ഉക്രൈന്‍. റഷ്യന്‍ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ജര്‍മന്‍, അമേരിക്കന്‍ പടക്കോപ്പുകളുമായാണ് ഉക്രൈന്‍ തിരിച്ചടി ശക്തമാക്കിയതെന്നാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, കഖോവ്ക അണക്കെട്ട് തകര്‍ത്തതിന് പിന്നില്‍ റഷ്യയാണെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ ആരോപിച്ചു.
ഡാം ബോംബിട്ട് തകര്‍ത്തതല്ലെന്നും, അണക്കെട്ടിന്റെ ടര്‍ബൈനുകളില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചത് റഷ്യന്‍ സൈന്യമാണെന്നാണ് സൂചനയെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശ പോളിസി ചീഫ് ജോസഫ് ബോറല്‍ അറിയിച്ചു.
അണക്കെട്ട് തകര്‍ന്നതിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ അഞ്ച് ഉക്രൈന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്നും പതിമൂന്നോളം പേരെ കാണാതായെന്നും ഉക്രൈന്‍ സര്‍ക്കാര്‍ അറിയിച്ചു.
ഡാം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ ദുരന്തനിവാരണത്തിനായി ഉക്രൈന് അടിയന്തരമായി അഞ്ച് മില്യണ്‍ ഡോളര്‍ സഹായം നല്‍കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ്രഖ്യാപിച്ചു. ഉക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയെ വിളിച്ചാണ് പിന്തുണ അറിയിച്ചത്.
അണക്കെട്ട് തകര്‍ത്ത സംഭവത്തെ ജപ്പാന്‍ ശക്തമായി അപലപിച്ചു. ഉക്രൈനിന്റെ പുനരുദ്ധാരണത്തിനായി അടുത്ത വര്‍ഷമാദ്യം ഒരു രാജ്യാന്തര കോണ്‍ഫറന്‍സ് ജപ്പാനില്‍ സംഘടിപ്പിക്കുന്നതിനും ജപ്പാന്‍ പ്രധാനമന്ത്രി സന്നദ്ധതയറിയിച്ചു.