| Tuesday, 16th January 2024, 6:04 pm

ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്കുള്ള പാത സ്ഥിരമായി അടച്ചിടുന്നത് അംഗീകരിക്കാനാവില്ല: ബ്രിട്ടൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: വാണിജ്യ കപ്പലുകൾ ചെങ്കടലിൽ യാത്ര ചെയ്യുന്നതിനെ എന്നന്നേക്കുമായി വിലക്കുന്ന നടപടി യു.കെ അംഗീകരിക്കില്ലെന്ന് ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ്.

യെമനിൽ ഹൂത്തികൾക്കെതിരെ വീണ്ടും സൈനിക നീക്കം നടന്നേക്കാമെന്ന സൂചനകൾ ഷാപ്പ്സ് നൽകിയതായും അനദോലു ഏജൻസി റിപ്പോർട്ട് ചെയ്തു.

യു.എസ് നേതൃത്വത്തിൽ ഹൂത്തികൾക്കെതിരെ നടത്തിയ ആക്രമണം ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്കെതിരെ അവർ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് വളരെ കൃത്യമായ ലക്ഷ്യത്തോടെയുള്ള സൈനിക നടപടിയുടെ ഭാഗമാണെങ്കിലും ഒരു കടൽ പാത സ്ഥിരമായി അടച്ചിടുന്നത് ഞങ്ങൾ സഹിക്കില്ല,’ ഷാപ്പ്സ് പറഞ്ഞു.

യു.എസും യു.കെയും സഖ്യ കക്ഷികളും ഹൂത്തികളുടെ നീക്കങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തുമെന്നും കൂടുതൽ സൈനിക ഇടപെടലുകൾ ആവശ്യമാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ആഗോള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ സൈന്യത്തിന് സാമ്പത്തിക സഹായം കൂടുതൽ ആവശ്യമായി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചെങ്കടലിൽ അമേരിക്കൻ കപ്പലുകൾക്കെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹൂത്തികൾ. യെമനിൽ യു.എസും യു.കെയും നടത്തിയ വ്യോമാക്രമണങ്ങളാണ് ഹൂത്തികളെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ ദിവസം യു.എസ് കപ്പൽ ജിബ്രാൾട്ടർ ഈഗിളിനെതിരെ ഏദൻ ഉൾക്കടലിൽ ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയിരുന്നു.

Content Highlight: UK warns against permanent closure of Red Sea, hints at further strikes on Houthis

We use cookies to give you the best possible experience. Learn more