ബ്രിട്ടണിലെ തൊഴിലാളി വിഭാഗത്തെക്കാള്‍ ഇസ്‌ലാമോഫോബിക് കാഴ്ചപ്പാടുള്ളത് വരേണ്യവര്‍ഗത്തിന്; പഠനം പുറത്ത്
World
ബ്രിട്ടണിലെ തൊഴിലാളി വിഭാഗത്തെക്കാള്‍ ഇസ്‌ലാമോഫോബിക് കാഴ്ചപ്പാടുള്ളത് വരേണ്യവര്‍ഗത്തിന്; പഠനം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th January 2022, 5:01 pm

ലണ്ടന്‍: ബ്രിട്ടനിലെ തൊഴിലാളി വിഭാഗത്തിലുള്ളവരെക്കാളും മധ്യവര്‍ഗ വരേണ്യവിഭാഗത്തിലുള്ളവര്‍ മുസ്‌ലിം ജനവിഭാഗങ്ങളോട് മുന്‍വിധിയോടെയാണ് പെരുമാറുന്നതെന്ന് പഠനം.

ബെര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയും യൂഗോസ്ലാവിയയിലെ ഡേറ്റാ അനാലിസ് സ്ഥാപനവും ഒന്നുചേര്‍ന്ന് നടത്തിയ പഠനത്തിലാണ് മറ്റ് മതവിഭാഗങ്ങളെ അപേക്ഷിച്ച് മുസ്‌ലിം വിഭാഗത്തോട് വിവേചനത്തോടെയാണ് വരേണ്യവിഭാഗം പെരുമാറുന്നതെന്ന കണ്ടെത്തലുണ്ടായത്. ഇതില്‍ ചെറിയൊരു വിഭാഗം വളരെ തെറ്റായ കാഴ്ചപ്പാടാണ് മുസ്‌ലിം വിഭാഗത്തിനെതിരെ വെച്ചുപുലര്‍ത്തുന്നത്.

‘മുസ്‌ലിങ്ങള്‍ക്കെതിരായ മുന്‍വിധി ബ്രിട്ടനില്‍ നിലനില്‍ക്കുന്നുണ്ട്, പ്രത്യേകിച്ചും മറ്റ് തരത്തിലുള്ള വംശീയതയെക്കാള്‍ വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന ഒന്നാണ് മുസ്‌ലിം വംശീയതയെന്നത എന്നത് മാത്രമല്ല, വരേണ്യരും വിദ്യാസമ്പന്നരുമായി വിഭാഗത്തിന് മുസ്‌ലിം വിഭാഗത്തിനോടുളള മുന്‍വിധി സാധാരണമാണ് എന്നതും കൂടിയാണ്,’ പഠനത്തിന്റെ പ്രധാനതലവന്മാരില്‍ ഒരാളായ സ്റ്റീഫന്‍ എച്ച്. ജോണ്‍സ് പറഞ്ഞു.

പ്രായമായവരും, പുരുഷന്മാരും, യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് വോട്ട് ചെയ്തവരും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ അനുകൂലിക്കുന്നവരുമാണ് ഇത്തരതതിലുള്ള ഇസ്‌ലാമോഫോബിക്കായ ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നത്.

ബ്രിട്ടണിലേക്കുള്ള മുസ്‌ലിം കുടിയേറ്റം നിരോധിക്കുന്നതിനുള്ള പിന്തുണ മറ്റ് മത-വംശീയ ന്യൂനപക്ഷ വിഭാഗങ്ങളെ അപേക്ഷിച്ച് 4-6 ശതമാനം കൂടുതലാണ്. കൂടാതെ മറ്റ് ക്രിസ്ത്യന്‍ ഇതര വിശ്വാസങ്ങളെ അപേക്ഷിച്ച് ഇസ്‌ലാമിനെക്കുറിച്ച് തെറ്റായ വിലയിരുത്തലുകള്‍ ബ്രിട്ടീഷുകാര്‍ ആത്മവിശ്വാസത്തെടായാണ് നടത്തുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിപ്‌സികളും, ഐറിഷ് യാത്രക്കാരും കഴിഞ്ഞാല്‍ ഏറ്റവും അനിഷ്ടമുള്ള വിഭാഗമാണ് മുസ്‌ലിങ്ങള്‍.

ബ്രിട്ടീഷുകാരില്‍ നാലിലൊന്ന് പേര്‍ക്കും മുസ്‌ലിങ്ങളോട് നിഷേധാത്മക വീക്ഷണമുണ്ട്, 9.9 ശതമാനം ബ്രിട്ടീഷികാരും അവരോട് വളരെ നിഷേധാത്മക നിലപാടാണ് സ്വീകരിക്കാറുള്ളത്. ഇത് മറ്റ് വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പൊതുജനങ്ങളില്‍ 8.5 ശതമാനം ജൂതന്മാരോടും 6.4 ശതമാനം കറുത്തവര്‍ഗക്കാരോടും 8.4 ശതമാനം മറ്റ് വ്യത്യസ്ത ദേശീയതകളിലുള്ള വെള്ളക്കാരോടും നിഷേധാത്മ കാഴ്ചപ്പാട് പുലര്‍ത്തുന്നു.

എന്നാല്‍ ബ്രിട്ടണില്‍ ശരിയ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില പ്രദേശങ്ങളുണ്ടെന്നും അമുസ്ലിംകള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ടെന്നും ഏകദേശം 26.5 ശതമാനം ജനങ്ങള്‍ സമ്മതിക്കുന്നു. 36.3 ശതമാനം പേര്‍ ഇസ്ലാം ബ്രിട്ടീഷ് ജീവിതരീതിക്ക് ഭീഷണിയാണെന്ന് സമ്മതിക്കുന്നു. അവരില്‍ ബഹുഭൂരിപക്ഷവും ടോറിസ്, ബ്രെക്‌സിറ്റ് അനുകൂലികളാണ്.

സര്‍ക്കാരും ഉന്നത പൊതുസ്ഥാപനങ്ങളും ഇസ്‌ലാമോഫോബിയയെ പരസ്യമായി അംഗീകരിക്കുന്നത് ഉള്‍പ്പെടെ, മുസ്‌ലിം വിരുദ്ധ വിവേചനത്തിനെതിരെ പോരാടുന്നതിനും പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുമുള്ള വിവിധ ശുപാര്‍ശകളും റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നു.

മുസ്‌ലിം മന്ത്രി നുസ്രത്ത് ഘാനിയെ പുറത്താക്കിയതിന് പിന്നാലെ ടോറിസ് പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.


Content Highlight: uk-upper-middle-classes-more-likely-to-be-islamophobic