ലണ്ടന്‍: തീവ്ര വലതുപക്ഷ ആക്രമണങ്ങളെ ഇസ്‌ലാമിസ്റ്റ് ആക്രമണങ്ങളെപ്പോലെ ഗൗരവമായി കാണാന്‍ ബ്രിട്ടണ്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശനം. തീവ്രവാദത്തെ ഒരുപോലെ നേരിടുന്നതില്‍ രാജ്യം പരാജയപ്പെട്ടെന്നും ഇസ്‌ലാമിസ്റ്റ് ആക്രമണങ്ങളേയും വലതുപക്ഷ ആക്രമണങ്ങളേയും രണ്ട് രീതിയിലാണ് രാജ്യം കൈകാര്യം ചെയ്യുന്നതെന്നുമാണ് ബ്രിട്ടണിലെ മുന്‍നിര പ്രതിരോധ സുരക്ഷാ സ്ഥാപനമായ റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ട് ദി ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്.
ഇസ്‌ലാമിസ്റ്റ് ആക്രമണങ്ങളെ തീവ്ര വലതുപക്ഷ ആക്രമണങ്ങളേക്കാള്‍ ഗൗരവമായാണ് രാജ്യം പരിഗണിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
വലതുപക്ഷ അക്രമങ്ങളെ യു.കെയിലെ രാഷ്ട്രീയക്കാരും പ്രോസിക്യൂട്ടര്‍മാരും സുരക്ഷാസംവിധാനങ്ങളും വെറും പ്രതിഷേധങ്ങളായി മാത്രം കണക്കാക്കുന്നു. ചെറിയ ആക്രമണങ്ങള്‍ മാത്രമായി അതിനെ ഒതുക്കുമ്പോള്‍ ഇസ്‌ലാമിസ്റ്റുകള്‍ നടത്തുന്ന സമാന ആക്രമണങ്ങളെ വളരെ എളുപ്പത്തില്‍ ഭീകരവാദമായി മുദ്രകുത്തുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
ഇംഗ്ലണ്ടിലും വടക്കന്‍ അയര്‍ലന്‍ഡിലും ആളുകള്‍ക്ക് അഭയം നല്‍കുന്ന ഹോട്ടലുകളും പള്ളികളും ലക്ഷ്യമിട്ടുള്ള ഒരാഴ്ചത്തെ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് നവ-നാസികളും തീവ്ര വലതുപക്ഷവുമായിരുന്നു. ഒരാഴ്ച നീണ്ടുനിന്ന ഈ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് വിമര്‍ശനം.
വെള്ളക്കാരല്ലാത്ത പ്രക്ഷോഭകരോട് വെള്ളക്കാരായ കലാപകാരികളോട് ഉള്ളതിനേക്കാള്‍ പരുഷമായാണ് ഭരണകൂടം പെരുമാറുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
യു.കെയില്‍ നടന്ന കലാപം ഭരണകൂടത്തിന്റെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടിയതെന്നും തീവ്രവലതുപക്ഷത്തെ തഴച്ചുവളരാന്‍ കലാപം അനുവദിക്കുകയായിരുന്നെന്നും ലേഖനം പറയുന്നു.
വിവിധ തരത്തിലുള്ള തീവ്രവാദത്തെ ഭരണകൂടം എങ്ങനെ കൈകാര്യം ചെയ്‌തെന്നും അതിലുള്ള ഇരട്ടത്താപ്പ് എന്താണെന്നുമാണ് ലേഖനം ചൂണ്ടിക്കാട്ടുന്നത്. തീവ്ര വലതുപക്ഷ അക്രമം രാജ്യത്ത് വലിയ വിഷയമാകുന്നില്ല. അവയോടുള്ള വിയോജിപ്പുകള്‍ ഉയരുന്നില്ല. പലതും അടിച്ചമര്‍ത്തപ്പെടുന്നു. വാര്‍ത്തകള്‍ പോലുമാകുന്നില്ല.
പലതും പക്ഷപാതപരമായി പരിഗണിക്കപ്പെടുകയാണ്. തീവ്ര വലതുപക്ഷ അക്രമത്തെ വിലയിരുത്താനോ എതിര്‍ക്കാനോ ചരിത്രപരമായി രാഷ്ട്രീയക്കാര്‍ പോലും തയ്യാറാകുന്നില്ല. സുരക്ഷാ സംവിധാനങ്ങള്‍ പോലും ഇവരെ കുറ്റപ്പെടുത്തുന്നില്ല. പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല. എന്നാല്‍ ഇതേ ആളുകള്‍ ഇസ്‌ലാമിസ്റ്റ് ആക്രമങ്ങളെ ജിഹാദികളുടെ അക്രമാസക്തമായ തീവ്രവാദമാക്കി മുദ്രകുത്തുന്നു.
‘തീവ്രവാദത്തിന്റെ വ്യത്യസ്ത രൂപങ്ങളെ രാജ്യം എങ്ങനെ നേരിടുന്നു എന്നതില്‍ വ്യക്തമായ ഇരട്ടത്താപ്പ് കാണാവുന്നതാണ്. പ്രത്യേകിച്ചും തീവ്രവലതുപക്ഷവും ഇസ്‌ലാമിസ്റ്റുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍. തീവ്രവാദവവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ പോലും അത് വ്യക്തമാണ്,’ ലേഖനം പറയുന്നു.
റോയല്‍ യുനൈറ്റഡ് സര്‍വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ടെററിസം ആന്റ് കോണ്‍ഫ്ള്‍ട്ട് റിസര്‍ച്ച് ഗ്രൂപ്പിന്റെ ആക്ടിംഗ് ഡയറക്ടര്‍ ഡോ. ജെസീക്ക വൈറ്റ്, റിസര്‍ച്ച് ഫെലോ ക്ലോഡിയ വാള്‍നര്‍, ടെററിസം ആന്റ് കോണ്‍ഫ്ള്‍ട്ട് സ്റ്റഡീസ് ഡയറക്ടര്‍ എമിലി വിന്റര്‍ബോതം എന്നിവര്‍ ചേര്‍ന്നാണ് ലേഖനമെഴുതിയത്. തീവ്ര വലതുപക്ഷത്തു നിന്നുള്ള ഭീഷണികളെ രാജ്യം കാണാതെ പോകരുതെന്നും അത് എതിര്‍ക്കപ്പെടണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
‘തീവ്ര വലതുപക്ഷ ആക്രമണങ്ങളെ പലപ്പോഴും വെറും ഗുണ്ടായിസം എന്നതിലേക്ക് തരം തിരിക്കുകയാണ്. അതേസമയം ഇസ്‌ലാമിസ്റ്റ് പക്ഷത്തുനിന്നുണ്ടാകുന്ന സമാന പ്രവൃത്തികള്‍ വളരെ പെട്ടെന്ന് തീവ്രവാദമായി മുദ്രകുത്തപ്പെടും. ഇത് വലിയ പൊരുത്തക്കേടാണ്. തീവ്ര വലതുപക്ഷം ഉയര്‍ത്തുന്ന ഭീഷണികളെ ഇത് ദുര്‍ബലപ്പെടുത്തുകയാണ്. രാഷ്ട്രീയ ഇച്ഛാശക്തിയെയും നിയമപരമായി എടുക്കേണ്ട നടപടികളേയും ഇത് തടസപ്പെടുത്തുകയാണ്’, ലേഖനം പറയുന്നു.
കലാപ സമയത്ത് അഭയാര്‍ത്ഥികള്‍ അഭയം തേടിയ ഹോട്ടലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തെ ‘തീവ്ര വലതുപക്ഷ കൊള്ള’ എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ വിശേഷിപ്പിച്ചതെന്നും ലേഖനം കുറ്റപ്പെടുത്തി. കൊള്ള എന്ന വാക്ക് കലാപങ്ങള്‍ക്ക് പിന്നിലുള്ള ഈ സംഘടിത ഗ്രൂപ്പുകള്‍ മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രത്തെ അംഗീകരിക്കലാണ്. മാത്രമല്ല ഇത്തരം തീവ്ര വലതുപക്ഷ ആക്രമണങ്ങളെ നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയെ തടസപ്പെടുത്തലാണ്. ആ ആക്രമണത്തെ ചെറുതാക്കലാണ്,’ ലേഖനം പറഞ്ഞു.
‘തീവ്ര വലതുപക്ഷം നടത്തിയ ഗുരുതരമായ കേസുകള്‍ തീവ്രവാദമായി അംഗീകരിക്കേണ്ടതുണ്ട്. കൂടുതല്‍ നീതിയുക്തമായ നടപടികളിലേക്ക് കടക്കേണ്ടതുണ്ട്. എല്ലാതരം തീവ്രവാദങ്ങളും അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്.
രാഷ്ട്രീയക്കാരും പൊതുജനങ്ങളും ഏറെക്കുറെ അവഗണിച്ച, യൂറോപ്പിലുടനീളമുള്ള ‘അക്രമത്തിന്റെ ഒരു മാതൃക’തന്നെയാണ് യു.കെയിലെ സമീപകാല കലാപത്തിലും കണ്ടത്. ഇത്തരം തീവ്ര വലതുപക്ഷ കലാപങ്ങള്‍ 2023-ല്‍ ഡബ്ലിനിലും 2018-ല്‍ ജര്‍മ്മനിയിലെ ചെംനിറ്റ്സിലും ഉണ്ടായിട്ടുണ്ട്, ഇതിന് കാരണമായത് വ്യാപകമായ കുടിയേറ്റ വിരുദ്ധ വികാരം തന്നെയാണ്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും എതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്,’ ലേഖനം പറയുന്നു.
കലാപസമയത്ത് തീവ്ര വലതുപക്ഷം നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വന്ന പല കേസുകളേയും ‘വിദ്വേഷ കുറ്റകൃത്യങ്ങള്‍’ അല്ലെങ്കില്‍ ‘തീവ്രവാദം’ എന്ന് തന്നെ ലേബല്‍ ചെയ്യണമെന്നും കടുത്ത കേസുകള്‍’ തീവ്രവാദമായി കണക്കാക്കമെന്നും ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു.
Content Highlight: UK treats far-right attacks less harshly than Islamist violence, think tank says