പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഗസ വെടിനിർത്തലിനായി ലണ്ടൻ തെരുവിലിറങ്ങി പതിനായിരങ്ങൾ
Worldnews
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഗസ വെടിനിർത്തലിനായി ലണ്ടൻ തെരുവിലിറങ്ങി പതിനായിരങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th August 2024, 4:45 pm

ലണ്ടൻ: ഗസക്കെതിരായ ഇസ്രഈൽ ആക്രമണത്തെ യു.കെ പിന്തുണക്കുന്നതിനെതിരെ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകൾ ലണ്ടനിൽ റാലി നടത്തി. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെയും മുതിർന്ന ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കൂറിന്റെയും കൊലപാതകത്തിന് പിന്നാലെയാണ് പ്രതിഷേധ റാലിയുമായി ആളുകൾ മുന്നോട്ടെത്തിയത്.

കനത്ത പൊലീസ് നിയന്ത്രണത്തിലാണ് റാലി നടന്നത്. 1500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് പ്രതിഷേധത്തെ നേരിടാനായി ഭരണകൂടം വിന്യസിച്ചത്.

പ്രതിഷേധക്കാർ ഗസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ഫലസ്തീൻ ജനതക്ക് തുല്യ അവകാശം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

‘ഫലസ്തീനെ സ്വതന്ത്രമാക്കൂ, നദി മുതൽ കടൽ വരെ ഫലസ്തീൻ സ്വതന്ത്രമാകും’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധക്കാർ നടന്ന് നീങ്ങിയത്. ഒക്ടോബർ ഏഴിന് ഫലസ്തീൻ സായുധ സംഘടനയായ ഹമാസ് ഇസ്രഈലിനെതിരെ പ്രത്യാക്രമണം നടത്തിയിരുന്നു. ഇതേ തുടർന്ന് ഇസ്രഈൽ ഗസയിൽ ബോംബാക്രമണം ആരംഭിച്ചു. ഏകദേശം പത്ത് മാസമായി നടക്കുന്ന ഈ ആക്രമണത്തിനെതിരെ ലണ്ടനിലും യു.കെയിലെ മറ്റിടങ്ങളിലും നടന്ന റാലികളിൽ ലക്ഷക്കണക്കിന് പ്രതിഷേധക്കാർ പങ്കെടുത്തിരുന്നു.

ഇസ്രഈൽ സൈന്യത്തിന്റെ വ്യോമ, കര ആക്രമണം 2 .3 ദശലക്ഷം ഫലസ്തീനികൾ താമസിക്കുന്ന ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും നശിപ്പിക്കുകയും വാസയോഗ്യമല്ലാതാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

ഇസ്രഈൽ-ഗസ വെടിനിർത്തൽ ചർച്ചകളിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു ഹനിയ. ഇറാൻ്റെ പുതിയ പ്രസിഡൻ്റ് മസൂദ് പെസസ്കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഹനിയ കൊല്ലപ്പെടുന്നത്. ഹനിയ്ക്ക് പുറമെ അദ്ദേഹത്തിന്റെ അംഗരക്ഷകനായ വസീം അബു ശഅബാനും ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു.

ഹമാസ് മേധാവി ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത് ബോംബ് ആക്രമണത്തിലാണെന്ന് വ്യാപകമായി വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഹനിയ കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ മുറിക്ക് നേരേ നടത്തിയ മിസൈൽ ആക്രമണത്തിലാണെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്ത് വന്നു. ഹനിയ ഉണ്ടായിരുന്ന ടെഹ്റാനിലെ കെട്ടിടത്തിൽ താമസിച്ചിരുന്ന മറ്റ് മൂന്ന് വ്യക്തികളെ ഉദ്ധരിച്ചുകൊണ്ട് മിഡിൽ ഈസ്റ്റ് ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

 

Content Highlight: UK: Tens of thousands rally in London for Gaza ceasefire as tensions rise in Middle East