| Tuesday, 6th April 2021, 5:58 pm

എന്താണെന്ന് പറയാതെ എങ്ങനെ അവസാനിപ്പിക്കാന്‍ പറ്റും?, ഇസ്‌ലാമോഫോബിയ കുറ്റകൃത്യമാക്കാന്‍ ബ്രിട്ടണ്‍ തയ്യാറാകണം: കൊല്ലപ്പെട്ടയാളുടെ മകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇസ്‌ലാമോഫോബിയക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ബ്രിട്ടണ്‍ തയ്യാറാകണമെന്ന് വംശീയ തീവ്രവാദി കൊലപ്പെടുത്തിയയാളുടെ മകള്‍. 2013 ഏപ്രില്‍ 29ന് പാവ്‌ലോ ലാപ്‌ഷൈന്‍ എന്നയാളുടെ ആക്രമണത്തിനിരയായ കൊല്ലപ്പെട്ട മുഹമ്മദ് സലീമിന്റെ മകള്‍ മാസ് സലീമാണ് ഇസ്‌ലാമോഫോബിയക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഇസ്‌ലാമോഫോബിയ അപകടകരമായ പ്രതിഭാസമാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും ഇസ് ലാമോഫോബിയയെ കുറ്റകൃത്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മാസ് സലീം ആവശ്യപ്പെട്ടു.

‘ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതുണ്ട്. തീവ്രവാദത്തിനെതിരെയുള്ള യുദ്ധമെന്നൊക്കെ പറയപ്പെടുന്ന ആ പ്രവര്‍ത്തനങ്ങളേക്കാള്‍ എത്രയോ അധികമായാണ് ഇസ്‌ലാമോഫോബിയ വളര്‍ന്നുകൊണ്ടിരിക്കുന്നത്. രൂപത്തിന്റെയും വസ്ത്രധാരണത്തിന്റെയും പേരില്‍ വരെ മുസ് ലിങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,’ മാസ് സലീം അല്‍ ജസീറയോട് പറഞ്ഞു.

ഇസ്‌ലാമോഫോബിയയെ കുറ്റകൃത്യമാക്കി കൊണ്ടുള്ള നിയമനിര്‍മ്മാണം നടത്തുന്നത് മാത്രമാണ് ഇസ്‌ലാമോഫോബിക് ആക്രമണങ്ങള്‍ക്കെതിരെയുള്ള ശാശ്വത പരിഹാരമായി താന്‍ കരുതുന്നതായും മാസ് സലീം പറഞ്ഞു.

‘നാം ദിവസേന അനുഭവിക്കുന്ന സിസ്റ്റമിക് റേസിസത്തിന്റെ തിക്തഫലങ്ങളെ കുറിച്ച് സമൂഹത്തില്‍ കൂടുതല്‍ ബോധവത്കരണം ഉണ്ടാകേണ്ടതുണ്ട്. ഇസ്‌ലാമോഫോബിക് ആക്രമണങ്ങള്‍ ശൂന്യതയില്‍ നിന്നല്ല സംഭവിക്കുന്നത്. സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിട്ടുള്ള മുസ്‌ലിം വിരുദ്ധ നയങ്ങളിലൂടെ ജനങ്ങള്‍ അവരുടെ വിദ്വേഷം നടപ്പില്‍ വരുത്താന്‍ പ്രാപ്തരാവുകയാണ്.

ഇതിനെല്ലാം ഒരു അവസാനം കുറിക്കണമെങ്കില്‍ ആദ്യം നമ്മള്‍ ഇതിന് ഒരു പേര് നല്‍കേണ്ടതുണ്ട്. ഇസ്‌ലാമോഫോബിയ എന്താണെന്ന് പോലും നിര്‍വചിക്കാതെ എങ്ങനെയാണ് നമുക്ക് ഇസ് ലാമോഫോബിയക്ക് അറുതി വരുത്താനാവുക,’ മാസ് സലീം പറയുന്നു.

#IAmMohammedSaleem എന്ന പേരില്‍ പുതിയ സോഷ്യല്‍ മീഡിയ ക്യാംപെയ്‌നും മാസ് സലീം ആരംഭിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ഇസ്‌ലാമോഫോബിക് അനുഭവങ്ങള്‍ പങ്കുവെക്കാനും അതുവഴി സിസ്റ്റമിക് റേസിസം എങ്ങനെയാണ് വളരുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് ഈ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.

2013ലെ മുഹമ്മദ് സലീമിന്റെ കൊലപാതകം ബ്രിട്ടണ്‍ മുസ്‌ലിം സമൂഹത്തിനിടയിലും രാജ്യം മുഴുവനും വലിയ ചര്‍ച്ചയായിരുന്നു. 82കാരനായ മുഹമ്മദ് സലീമിനെ പള്ളിയില്‍ നിന്നും വരും വഴിയായിരുന്നു പാവ്‌ലോ ലാപ്‌ഷൈന്‍ കുത്തിക്കൊലപ്പെടുത്തിയത്.

25കാരനായ പാവ്‌ലോ ഉക്രൈനില്‍ നിന്നും ഗവേഷണ പഠനത്തിനായാണ് ബ്രിട്ടണിലെത്തിയത്. മുഹമ്മദ് സലീമിനെ കൊലപ്പെടുത്തിയത് കൂടാതെ മുസ് ലിം പള്ളികള്‍ക്ക് മുന്‍പില്‍ ഇയാള്‍ ബോംബുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. പാവ്‌ലോ വെളുത്ത വര്‍ഗക്കാരാനായ വംശീയവാദിയാണെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

വംശീയ സംഘര്‍ഷങ്ങള്‍ വളര്‍ത്തുന്നതിന് വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും കൂടുതല്‍ പേരെ കൊലപ്പെടുത്തുന്നതിന് വേണ്ടിയാണ് പള്ളികളില്‍ ബോംബ് വെക്കാന്‍ വെള്ളിയാഴ്ച നമസ്‌കാര ദിവസങ്ങള്‍ തെരഞ്ഞെടുത്തതെന്നും പാവ്‌ലോ തന്നെ സമ്മതിച്ചിരുന്നു. 40 വര്‍ഷത്തെ തടവാണ് ഇയാള്‍ക്കെതിരെ യു.കെ കോടതി വിധിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: UK should recognise Islamophobia as a crime: Victim’s daughter

Latest Stories

We use cookies to give you the best possible experience. Learn more