ലണ്ടൻ : ഇസ്രഈലിന് ബ്രിട്ടീഷ് ആയുധങ്ങൾ വിൽക്കുന്നതിന് ശുപാർശ ചെയ്ത് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ. ഗസയിൽ ഇസ്രഈൽ അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ ആശങ്കകൾക്കിടയിലാണ് ഡേവിഡ് കാമറൂൺ ഈ ശുപാർശ നടത്തിയത്.
സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇസ്രഈലും യു.കെ യുമായുള്ള ആയുധ വിൽപ്പന തടയണം എന്നാവശ്യപ്പെട്ട് നിയമ, മനുഷ്യാവകാശ ഗ്രൂപ്പുകൾ ഉന്നയിച്ച വെല്ലുവിളിയെ പ്രതിരോധിക്കുകയായിരുന്നു
സർക്കാർ.
അന്താരാഷ്ട്ര മാനുഷിക നിയമം (IHL) പാലിക്കാനുള്ള ഇസ്രഈലിന്റെ പ്രതിബദ്ധതയും കഴിവും വിലയിരുത്തുകയും കാമറൂണിനെ ഉപദേശിക്കുകയും ചെയ്ത വിദേശ, കോമൺവെൽത്ത്, ഡെവലപ്‌മെന്റ് ഓഫീസ് യൂണിറ്റിന്റെ കണ്ടെത്തലുകൾ 22 പേജുള്ള രേഖയിൽ പ്രതിപാദിക്കുന്നു.
തന്റെ മുന്നിൽ ഇരിക്കുന്ന എല്ലാ ഡോക്യൂമെന്റുകളും തിരിച്ച് അയക്കാൻ തനിക്ക് കഴിയില്ലെന്ന് പാർലമെന്റ് വിദേശകാര്യ കമ്മിറ്റിക്കു മുൻപിൽ ഒരാഴ്ച മുൻപ് കാമറൂൺ പറഞ്ഞിരുന്നു. ഇസ്രഈൽ നിയമം ലംഘിച്ചു എന്ന് സർക്കാർ അഭിഭാഷകർ ചൂണ്ടിക്കാട്ടിയെങ്കിലും നിയമം നടപ്പിലാക്കൽ തന്റെ ജോലിയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം കാമറൂണിന് നൽകി എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമം ഇസ്രഈൽ പാലിക്കുന്നുണ്ടെന്ന് തൃപ്തിപ്പെട്ട കാമറൂൺ ഡിസംബർ 12-ന് ഇസ്രഈലിന് ആയുധ കച്ചവടം നടത്താനുള്ള ലൈസൻസ് അംഗീകരിക്കുകയായിരുന്നു.
യു.കെ ആസ്ഥാനമായുള്ള കാമ്പെയ്‌ൻ എഗെയിൻസ്റ്റ് ആംസ് ട്രേഡിന്റെ കണ്ടെത്തൽ പ്രകാരം 2015 മെയ് മുതൽ ഇസ്രഈലിലേക്ക് 472 മില്യൺ പൗണ്ടിന്റെ സൈനിക കയറ്റുമതിക്ക് ബ്രിട്ടീഷ് സർക്കാർ ലൈസൻസ് നൽകിയിട്ടുണ്ട്. ആയുധങ്ങളുടെ മൂല്യവും അവയുടെ അളവും രഹസ്യമായി സൂക്ഷിക്കുന്ന ഓപ്പൺ ലൈസൻസുകൾക്ക് കീഴിൽ വിൽക്കുന്ന ആയുധ ഇനങ്ങളുടെ കണക്ക് ഇതിൽ ഉൾപ്പെടാത്തതിനാൽ യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണ്.
കഴിഞ്ഞ മൂന്ന് മാസമായി ഗസയിൽ ബോംബ് ആക്രമണം ഇസ്രയേൽ ഉപയോഗിച്ച എഫ് 35 സ്റ്റെൽത്ത് കോംബാറ്റ് എയർക്രാഫ്റ്റിന്റെ 15 ശതമാനം ഘടകങ്ങളും ബ്രിട്ടീഷ് കമ്പനികളാണ് നൽകിയത്.
Content Highlight : UK’s Cameron okayed arms sales to Israel despite Foreign Office legal concerns