ലണ്ടൻ: ഉക്രൈനെ പിന്തുണക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ മരവിപ്പിച്ച റഷ്യൻ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിൽ കൂടുതൽ തന്റേടം കാണിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.
മരവിപ്പിച്ച റഷ്യൻ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിന് ജി7 രാജ്യങ്ങൾ നിയമപരമായ ഒരു വഴി കണ്ടെത്തണമെന്നും റഷ്യൻ സൈന്യത്തിനെതിരെ പൊരുതുന്ന ഉക്രൈൻ സർക്കാരിനെ സഹായിക്കാൻ അത് കൈമാറണമെന്നും ദി സൺഡേ ടൈംസിൽ എഴുതിയ ലേഖനത്തിൽ സുനക് പറഞ്ഞു.
‘റഷ്യയുടെ യുദ്ധ സമ്പദ്ഘടനയെ തകർക്കുന്നതിലും മരവിപ്പിച്ച റഷ്യയുടെ നൂറുകണക്കിന് ബില്യൺ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിലും നമ്മൾ തന്റേടം കാണിക്കണം,’ സുനക് പറഞ്ഞു.
2022ൽ കിഴക്കൻ ഉക്രൈനിൽ റഷ്യ സൈനിക നീക്കം നടത്തിയതിന് പിന്നാലെയാണ് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയുടെ സ്വത്തുവകകൾ മരവിപ്പിക്കാൻ തുടങ്ങിയത്.
റഷ്യയുടെ മരവിപ്പിച്ച സ്വത്തുക്കളിൽ നിന്നും ഫണ്ടുകളിൽ നിന്നുമായി 600 ബില്യൺ യു.എസ് ഡോളർ അവർ കണ്ടുകെട്ടിയിരുന്നു. എന്നാൽ പണം ഉക്രൈന് കൈമാറുന്നതിൽ നിയമതടസങ്ങൾ ഉണ്ടായി. റഷ്യയെക്കുറിച്ചും ഉക്രൈൻ സമ്പദ്ഘടനയുടെ ഭാവിയെക്കുറിച്ചും ആശങ്കകൾ ഉടലെടുത്തു.
അതേസമയം വിദേശത്തെ റഷ്യയുടെ സർക്കാർ, സ്വകാര്യ, സഹകരണ സ്വത്തുക്കൾ കണ്ടുകെട്ടി ഉക്രൈൻ സേനക്ക് കൈമാറാനുള്ള യു.സിന്റെയും യൂറോപ്യൻ യൂണിയന്റെയും പദ്ധതിയെ ശക്തമായി വിമർശിച്ച റഷ്യ ഇത്തരം നിയമവിരുദ്ധമായ നടപടികൾക്കെതിരെ അന്താരാഷ്ട്ര കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം കണ്ടുകെട്ടിയ സ്വത്തുക്കൾ ഉക്രൈന് കൈമാറുന്നത് അവരുടെ നാശത്തിന് വഴിവെച്ചേക്കുമെന്ന് കോർണൽ സർവകലാശാലയിലെ അകാദമിക വിദഗ്ധൻ നിക്കോളാസ് മൽഡർ പറയുന്നു.
CONTENT HIGHLIGHT: UK prime minister says West ‘must be bolder’ in seizing frozen Russian assets