ലണ്ടന്‍: ബ്രിട്ടനില്‍ ധനകാര്യ മന്ത്രി ക്വാസി ക്വാര്‍ട്ടേങിനെ (Kwasi Kwarteng) പുറത്താക്കി പ്രധാനമന്ത്രി ലിസ് ട്രസ്.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം തന്റെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളെ മറികടക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് മന്ത്രിയെ സ്ഥാനത്ത് നിന്നും നീക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ലിസ് ട്രസിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ രാജി വെച്ചതെന്ന് ക്വാര്‍ട്ടേങ് തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ വാഷിങ്ടണില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മീറ്റിങ്ങുകളില്‍ പങ്കെടുത്ത് ലണ്ടനിലേക്ക് തിരിച്ചെത്തിയതിന് ശേഷം വെള്ളിയാഴ്ചയായിരുന്നു ക്വാര്‍ട്ടേങിന്റെ രാജി.
”നിങ്ങളുടെ ചാന്‍സലര്‍ എന്ന പദവിയില്‍ മാറി നില്‍ക്കാന്‍ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടു. ഞാനത് അംഗീകരിച്ചു,” ക്വാര്‍ട്ടെങ് ട്രസിന് നല്‍കിയ രാജിക്കത്തില്‍ പറയുന്നു.
”ഒരു ദീര്‍ഘകാല സുഹൃത്തും സഹപ്രവര്‍ത്തകനുമെന്ന നിലയില്‍ സര്‍ക്കാരില്‍ നിന്ന് നിങ്ങളെ നഷ്ടപ്പെട്ടതില്‍ എനിക്ക് അതിയായ ഖേദമുണ്ട്. നമ്മള്‍ ഒരേ കാഴ്ചപ്പാടുകള്‍ പങ്കിടുന്നു.” മറുപടിയായി ലിസ് ട്രസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലിസ് ട്രസ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച സാമ്പത്തിക പാക്കേജിന്റെ ചില ഭാഗങ്ങള്‍ ഒഴിവാക്കുമെന്നതിന്റെ സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ധനകാര്യ മന്ത്രിയുടെ രാജിയും.
മാര്‍ക്കറ്റിലെയും രാഷ്ട്രീയരംഗത്തെയും പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ലിസ് ട്രസ് ക്വാസി ക്വാര്‍ട്ടെങ്ങിനെ പുറത്താക്കിയതെന്നാണ് സൂചന.
പുതിയ ധനകാര്യ മന്ത്രിയായി ജെറമി ഹണ്ടിനെ (Jeremy Hunt) നിയമിച്ചു. മുന്‍ കാബിനറ്റ് മന്ത്രി കൂടിയാണ് ഹണ്ട്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനായിരുന്നു ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്. ഇന്ത്യന്‍ വംശജനും ബ്രിട്ടന്റെ മുന്‍ മന്ത്രിയുമായ റിഷി സുനക്കിനെ പിന്തള്ളിക്കൊണ്ടായിരുന്നു ഇത്.
അതേസമയം, കാബിനറ്റിലെ പ്രധാന വകുപ്പുകളിലൊന്നിലും വെളുത്ത വംശജരില്ലാത്ത ലിസ് ട്രസിന്റെ മന്ത്രിസഭാ രൂപീകരണവും ഏറെ ചര്‍ച്ചയായിരുന്നു.
ഘാനയില്‍ നിന്നും കുടിയേറിയ കുടുംബത്തില്‍ നിന്നുള്ളയാളായിരുന്നു ചാന്‍സലറായി അധികാരമേറ്റ ക്വാസി ക്വാര്‍ട്ടേങ്. 37 ദിവസം മാത്രമാണ് ക്വാര്‍ട്ടേങ് അധികാരത്തിലിരുന്നത്.
Content Highlight: UK PM Liz Truss sacrifices finance minister Kwasi Kwarteng