ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഉപദേഷ്ടാവ്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടാണ് ബോറിസ് ജോണ്‍സണെതിരെ വെളിപ്പെടുത്തലുകളുമായി മുന്‍ മുഖ്യ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ്‌സ് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ബോറിസ് ജോണ്‍സണ്‍ തയ്യാറായിരുന്നില്ലെന്ന് ഡൊമിനിക് കമ്മിംഗ്‌സ് പറയുന്നു. ’80 വയസ്സിന് മുകളിലുള്ള വൃദ്ധര്‍ മാത്രമാണല്ലോ മരിക്കുന്നത്. അതുകൊണ്ട് ലോക്ഡൗണ്‍ ആവശ്യമില്ല’ എന്നായിരുന്നു ബോറിസ് ജോണ്‍സണിന്റെ നിലപാടെന്ന് ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡൊമിനിക് പറഞ്ഞു.
ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഡൊമിനിക് കമ്മിംഗ്‌സ് നല്‍കുന്ന ആദ്യ അഭിമുഖമാണിത്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ മാത്രമാണ് ബി.ബി.സി. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചൊവ്വാഴ്ച പൂര്‍ണ്ണരൂപം പുറത്തുവരും.
രാജ്യത്തെ ആരോഗ്യസംവിധാനങ്ങള്‍ക്ക് താങ്ങാനാകുന്നതിനേക്കാള്‍ ഗുരുതരമായ നിലയിലേക്ക് കൊവിഡ് പ്രതിസന്ധി വളരുമെന്ന മുന്നറിയിപ്പുകളെ ബോറിസ് ജോണ്‍സണ്‍ തള്ളിക്കളയുകയായിരുന്നെന്നും ഡൊമിനിക് അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ കൊവിഡ് പടരാന്‍ തുടങ്ങിയ ഘട്ടത്തിലും 95കാരിയായ എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കാന്‍ ബോറിസ് ജോണ്‍സണ്‍ ശ്രമിച്ചിരുന്നെന്നും ഡൊമിനിക് പറയുന്നു. ഏറെ ബുദ്ധിമുട്ടിയാണ് പ്രധാനമന്ത്രിയെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ശരിയായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ തടയാന്‍ സാധിക്കുമായിരുന്ന നിരവധി കൊവിഡ് മരണങ്ങള്‍ക്ക് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കമ്മിംഗ്‌സ് കൂട്ടിച്ചേര്‍ത്തു.
കമ്മിംഗ്‌സിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചുകൊണ്ട് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് തെറ്റായ നടപടികളാണ് പ്രധാനമന്ത്രി സ്വീകരിച്ചിരുന്നതെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണെന്നും പൊതുജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കിയ നീക്കങ്ങളായിരുന്നു ഇവയെന്നും ലേബര്‍ പാര്‍ട്ടി പ്രതികരിച്ചു.
ഡൊമിനിക് കമ്മിംഗ്‌സിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ബോറിസ് ജോണ്‍സണ്‍ ഇതുവരെ തയ്യാറായിട്ടില്ല. ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിരുന്നെന്നും ശാസ്ത്രീയമായാണ് ഇവ നടപ്പാക്കിയതെന്നുമാണ് ബോറിസ് ജോണ്‍സന്റെ വക്താവ് അറിയിച്ചത്.