ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിവാഹിതനായി. ക്യാരി സിമെണ്‍സാണിനെയാണ് വിവാഹംകഴിച്ചത്. മാധ്യമങ്ങളെ ഒഴിവാക്കി വെസ്റ്റ് മിനിസ്റ്റര്‍ കത്ത്രീഡലില്‍ വെച്ചായിരുന്നു വിവാഹം.
അതേസമയം വിവാഹത്തെപ്പറ്റിയുള്ള മാധ്യമറിപ്പോര്‍ട്ടുകളോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല.
സണ്‍ ആന്റ് മെയില്‍ പത്രമാണ് ബോറിസ് വിവാഹിതനായ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. പെട്ടെന്ന് തീരുമാനിച്ച വിവാഹമായിരുന്നുവെന്നും അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇതേപ്പറ്റി അറിവില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 ല്‍ പ്രധാനമന്ത്രിയായതു മുതല്‍ ക്യാരി സിമെണ്‍സും ബോറിസും ഡൗണിംഗ് സ്ട്രീറ്റില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായി ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഒരുകാലത്ത് ബ്രിട്ടണിലെ ടാബ്ലോയ്ഡ് മാധ്യമങ്ങളുടെ പ്രധാന ഇരയായിരുന്നു ബോറിസ് ജോണ്‍സണിന്റെ വ്യക്തി ജീവിതത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍. പല മാധ്യമങ്ങളും ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രസിദ്ധീകരിച്ചിരുന്നു.
നേരത്തെ പ്രതിപക്ഷത്തായിരുന്നപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പോളിസി ടീമില്‍ നിന്ന് ബോറിസിനെ പുറത്താക്കിയതിന് കാരണവും ചില വിവാഹേതര ബന്ധങ്ങളായിരുന്നുവെന്നാണ് മാധ്യമറിപ്പോര്‍ട്ട്. രണ്ട് തവണ വിവാഹമോചിതനായ വ്യക്തി കൂടിയായ ബോറിസ് തന്റെ വ്യക്തി ജീവിതത്തെപ്പറ്റിയുള്ള വാര്‍ത്തകളോട് പ്രതികരിക്കരിച്ചിരുന്നില്ല.
മറീന വീലര്‍ എന്ന അഭിഭാഷകയെയാണ് ബോറിസ് ഏറ്റവുമൊടുവില്‍ വിവാഹം കഴിച്ചത്. എന്നാല്‍ 2018 സെപ്റ്റംബറില്‍ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു.