ലണ്ടൻ: മുസ്‌ലിം സമൂഹത്തെ സംരക്ഷിക്കുവാൻ 150 മില്യൺ ഡോളർ (117 മില്യൺ പൗണ്ട്) അധികമായി വകയിരുത്തി ബ്രിട്ടീഷ് സർക്കാർ.
സെക്യൂരിറ്റി ക്യാമറകൾ, അലാമുകൾ, പള്ളികളിലും മതപഠന കേന്ദ്രങ്ങളിലും വേലി എന്നിവയ്ക്കായി ഫണ്ട് ചെലവഴിക്കും.
ഗസയിലെ യുദ്ധം ആരംഭിച്ചത് മുതൽ രാജ്യത്ത് മുസ്‌ലിം വിദ്വേഷ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നടപടി.
‘മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിന് നമ്മുടെ സമൂഹത്തിൽ യാതൊരു സ്ഥാനവുമില്ല. മിഡിൽ ഈസ്റ്റിൽ നടക്കുന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് മുസ്‌ലിങ്ങളെ ആക്രമിക്കുന്നതിനെ ന്യായീകരിക്കുവാൻ ഒരിക്കലും അനുവദിക്കില്ല,’ യു.കെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവെർലി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
യു.കെയിൽ ഏകദേശം നാല് മില്യൺ മുസ്‌ലിങ്ങളാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് ഈ വർഷം ഫെബ്രുവരിയിൽ മുസ്‌ലിങ്ങൾക്കെതിരെ നേരിട്ടും ഓൺലൈൻ വഴിയുമുള്ള ആക്രമണങ്ങളും മറ്റ് രീതിയിൽ ലക്ഷ്യമിടുന്നതും 335 ശതമാനം വർധിച്ചുവെന്ന് മുസ്‌ലിങ്ങൾക്കെതിരെയുള്ള വിദ്വേഷം നിരീക്ഷിക്കുന്ന ടെൽ മാമ എന്ന സംഘടന കണ്ടെത്തി.
യു.കെയിലെ മുസ്‌ലിങ്ങൾക്കൊപ്പമാണ് നമ്മളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും അതുകൊണ്ടാണ് നിർണായക ഘട്ടത്തിൽ യു.കെ മുസ്‌ലിങ്ങൾക്ക് ഉറപ്പും ആത്മവിശ്വാസവും നൽകാൻ ഇപ്പോൾ ഈ ഫണ്ട് ലഭ്യമാക്കുന്നത് എന്നും ക്ലെവെർലി പറഞ്ഞു.
കൺസർവേറ്റീവ് പാർട്ടിക്കകത്ത് നിന്ന് തന്നെയുണ്ടായ വിദ്വേഷ പ്രസ്താവനകൾ അപലപിക്കുന്നതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
ലണ്ടൻ മേയർ സാദിഖ് ഖാനെയും ലേബർ പാർട്ടി നേതാവ് കീർ സ്റ്റർമറെയും ഇസ്‌ലാമിസ്റ്റുകളാണ് നിയന്ത്രിക്കുന്നതെന്ന് കൺസർവേറ്റീവ് എം.പി ലീ ആൻഡേഴ്സൺ ആരോപിച്ചിരുന്നു. പരാമർശങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് സുനക് പറഞ്ഞെങ്കിലും പ്രസ്താവന ഇസ്‌ലാമോഫോബിക് ആണെന്ന് എടുത്തുപറയാൻ അദ്ദേഹം തയ്യാറായില്ല എന്ന് വിമർശനം ഉയർന്നിരുന്നു.
Content Highlight: UK pledges additional funds to protect Muslim communities