ലണ്ടന്‍: മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രീപലിനെയും മകള്‍ യുലിയയെയും അപായപ്പെടുത്താന്‍ ഉപയോഗിച്ച രാസവസ്തു തിരിച്ചറിഞ്ഞു. ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി ആംബര്‍ റഡ് ആണ് വിവരം മാധ്യമങ്ങളോട് പറഞ്ഞത്.
“മനുഷ്യനാഡിയെ ബാധിക്കുന്ന രാസവസ്തു ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നാല്‍ ഈ അവസ്ഥയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ല”, മെട്രോപൊളിറ്റന്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ക്ക് റൗലി അറിയിച്ചു. ഈ സംഭവം ഒരു കൊലപാതക ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read:
റഷ്യയുടെ വിദേശ സൈനിക ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്‍ കേണല്‍ സ്‌ക്രീപലി(66)നെയും മകള്‍ യുലിയ(33)യെയും ഞായറാഴ്ച സോള്‍സ്ബ്രിയിലെ ഷോപ്പിങ് സെന്ററിലെ ബെഞ്ചില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ചികില്‍സയില്‍ തുടരുന്ന ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല എന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സാല്ലി ഡേവീസ് അറിയിച്ചു. സംഭവസ്ഥലത്ത് ആദ്യം എത്തിയ പോലീസ് ഓഫീസറും ഗുരുതരാവസ്ഥയിലാണ്.