| Monday, 29th January 2024, 10:25 pm

യു.കെയിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ 20,000ത്തോളം സ്ത്രീകൾ ലൈംഗികാതിക്രമം നേരിട്ടതായി റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻ.എച്ച്.എസ്) മാനസികാരോഗ്യ ആശുപത്രികളിൽ 20,000ത്തോളം രോഗികളും ജീവനക്കാരും ലൈംഗിക പീഡനത്തിനിരയായെന്ന് കണ്ടെത്തൽ.

ദി ഇൻഡിപെൻഡന്റും സ്കൈ ന്യൂസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇംഗ്ലണ്ടിൽ 2019നും 2023നുമിടയിൽ 30 മാനസികാരോഗ്യ ട്രസ്റ്റുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്.

20,000ത്തോളം ‘ലൈംഗിക സുരക്ഷാ സംഭവങ്ങൾ’ (Sexual Safety Incidents) ഉണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരു വ്യക്തിയെ അസ്വസ്ഥമാക്കുന്ന ലൈംഗിക പെരുമാറ്റത്തെയാണ് ലൈംഗിക സുരക്ഷാ സംഭവങ്ങളായി നിർവചിച്ചത്. ഇതിൽ മാനഭംഗം, ലൈംഗിക അതിക്രമം, ലൈംഗിക പരാമർശങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

2023 ജനുവരിക്കും ഓഗസ്റ്റിനുമിടയിൽ മാത്രം 4000ത്തോളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

എൻ.എച്ച്.എസിൽ ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞു.

മുൻ ബ്രിട്ടീഷ് നീന്തൽ താരം അലെക്സിസ് ക്വിന്നിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് അന്വേഷണം നടന്നത്. സഹോദരന്റെ മരണത്തെ തുടർന്ന് 2012ലാണ് അലെക്സിസ് ആശുപത്രിയിൽ പ്രവേശിക്കുന്നത്.

പുരുഷ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ 2013 ഡിസംബറിൽ പുരുഷ രോഗിയുടെ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് അലെക്സിസ് പറഞ്ഞു.

2014ൽ കെന്റിലെ സെന്റ് മാർട്ടിൻസ് ആശുപത്രിയിലെ മിക്സ്ഡ് ജൻഡർ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോഴും സമാനമായ അനുഭവം അലെക്സിസ് നേരിട്ടു.

2011ൽ മുഴുവൻ ആശുപത്രികളിലും മിക്സ്ഡ് ജൻഡർ വാർഡുകൾ ഒഴിവാക്കുമെന്ന് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 12 വർഷങ്ങൾക്കിപ്പുറം നൂറ് കണക്കിന് മാനഭംഗ കേസുകളാണ് മിക്സ്ഡ് വാർഡുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Content Highlight: ‘UK national scandal’: 20,000 mental health patients ‘raped, sexually assaulted’ in NHS care

We use cookies to give you the best possible experience. Learn more