ഇടതുപക്ഷ തീവ്രവാദികളെ യു.കെ നേരിടണം: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി
World News
ഇടതുപക്ഷ തീവ്രവാദികളെ യു.കെ നേരിടണം: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th February 2024, 10:08 am

ലണ്ടൻ: ഋഷി സുനകിന്റെ സർക്കാർ തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. ബ്രിട്ടീഷ് സ്ഥാപനങ്ങളിൽ ഇടതുപക്ഷ സ്വാധീനം വർധിക്കുകയാണെന്നും അവർ പറഞ്ഞു.

പോപ്‌കോൺ എന്നറിയപ്പെടുന്ന പോപ്പുലർ കൺസർവേറ്റിസം എന്ന ആശയം ലോഞ്ച് ചെയ്ത് ലണ്ടനിൽ സംസാരിക്കുകയായിരുന്നു ലിസ് ട്രസ്.

മിക്ക ബ്രിട്ടൻ ജനതയയും രഹസ്യമായി കൺസർവേറ്റീവുകളാണെന്നും അവർക്ക് പുറത്ത് പറയാൻ ഭയമാണെന്നും ട്രസ് പറഞ്ഞു.

എം.പിമാർക്കും വോട്ടർമാർക്കുമിടയിലെ വിഭജനം ഇല്ലാതാക്കാൻ ഈ വിഭാഗത്തെ സജീവമാക്കണമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി കൺസെർവേറ്റീവ് പാർട്ടി അബദ്ധത്തിൽ ഇടതുപക്ഷ ആശയത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഈ വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കടുത്ത കൺസെർവേറ്റീവ് നയങ്ങൾ നടപ്പിലാക്കാൻ ഋഷി സുനകിന് മേൽ സമ്മർദം ചെലുത്തുക എന്നതാണ് പോപ്കോൺ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ശക്തമായ കുടിയേറ്റ നയങ്ങൾ, കുറഞ്ഞ നികുതി, യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ് വിടുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.

ഇത്തരം നയങ്ങളെ ബ്രിട്ടീഷ് എം.പിമാർ പിന്തുണക്കാത്തത് അവ ജനകീയമല്ലെന്ന് കരുതിയിട്ടാണെന്നും എന്നാൽ യഥാർത്ഥത്തിൽ അവ ജനപ്രിയമാണെന്നും ട്രസ് പറഞ്ഞു.

ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലയളവിൽ പ്രധാനമന്ത്രിയായ വ്യക്തിയാണ് ലിസ് ട്രസ്. പാർട്ടിയിലെ തർക്കത്തെ തുടർന്ന് 2022 ഒക്ടോബറിൽ രാജിവെക്കുമ്പോൾ വെറും 49 ദിവസം മാത്രമേ ട്രസ് പ്രധാനമന്ത്രി പദവിയിൽ ഉണ്ടായിരുന്നുള്ളൂ.

അതേസമയം ഈയിടെ പുറത്തുവന്ന സവാന്റ സർവേയിൽ 65 ശതമാനം വോട്ടർമാർക്കും ട്രസിനോട് പ്രതികൂല മനോഭാവമാണുള്ളത്. വെറും 11 ശതമാനം മാത്രമാണ് ട്രസിന് അനുകൂലമായിട്ടുള്ളത്.

Content Highlight: UK must tackle left-wing ‘extremists’ – former PM