| Friday, 26th November 2021, 10:27 am

കുട്ടികളെ കൊണ്ടുവരുന്ന എം.പിമാര്‍ ഇനി സഭയില്‍ ഇരിക്കേണ്ട; ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നിയമത്തിനെതിരെ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: അംഗങ്ങള്‍ സഭയിലേയ്ക്ക് അവരുടെ കുട്ടികളെ കൊണ്ടുവരുന്നത് വിലക്കിക്കൊണ്ടുള്ള ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പുതിയ നിയമത്തിനെതിരെ പ്രതിഷേധം ശക്തം. കുഞ്ഞുങ്ങളെ കൊണ്ടുവരുന്ന അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഇരിക്കരുത് എന്ന നിയമം സെപ്റ്റംബറിലായിരുന്നു പ്രാബല്യത്തില്‍ വന്നത്.

മൂന്നുമാസം പ്രായമുള്ള തന്റെ കുഞ്ഞിനെ സഭയിലേയ്ക്ക് കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായി ലേബര്‍ പാര്‍ട്ടി അംഗമായ സ്റ്റെല്ല ക്രീസി കഴിഞ്ഞ ദിവസം പരാതിപ്പെട്ടതോടെയാണ് നിയമത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടത്. നേരത്തെ തന്റെ രണ്ട് കുട്ടികളേയും സഭയില്‍ കൊണ്ടുവന്നിരുന്നതായും സ്റ്റെല്ല ക്രീസി പറഞ്ഞു.

സമൂഹമാധ്യമങ്ങളിലും മറ്റും ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ നിയമം പുനപരിശോധിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ലമെന്റ് എന്നാണ് റിപ്പോര്‍ട്ട്.

പാര്‍ലമെന്റില്‍ നടന്ന സംവാദത്തില്‍ കുഞ്ഞിനെ എടുത്തുകൊണ്ട് സംസാരിച്ചതിന് ശേഷമാണ് അവര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചത്. ”പാര്‍ലമെന്റുകളുടെ മാതാവായ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അമ്മമാരെ കാണാനോ കേള്‍ക്കാനോ പാടില്ലെന്നാണ് തോന്നുന്നത്,” ക്രീസി പ്രതികരിച്ചു.

‘കുട്ടിയെ കൊണ്ടാണ് വരുന്നതെങ്കില്‍ നിങ്ങള്‍ ചേംബറിലെ നിങ്ങളുടെ ഇരിപ്പിടത്തില്‍ ഇരിക്കരുത്’ എന്ന് പറഞ്ഞുകൊണ്ട് പാര്‍ലമെന്റിലെ ‘ഹൗസ് ഓഫ് കോമണ്‍സി’ല്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ തനിക്ക് അയച്ച ഇമെയിലും ലണ്ടനില്‍ നിന്നുള്ള എം.പിയായ ക്രീസി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.

”നിങ്ങളൊരു അമ്മയാണെങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ പറ്റില്ല എന്ന സ്ഥിതിയാണ് ഇവിടെ,” ക്രീസി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഹൗസ് ഓഫ് കോമണ്‍സിലെ സ്പീക്കറായ ലിന്‍ഡ്‌സേ ഹോയ്ല്‍ പ്രതികരിച്ചത്. അതേസമയം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ കൊച്ചുകുട്ടികളുടെ മാതാപിതാക്കളായ അംഗങ്ങളും പങ്കെടുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ പ്രതികരണത്തെ എം.പിമാര്‍ സ്വാഗതം ചെയ്തു.

”21ാം നൂറ്റാണ്ടിന്റെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന വിധം ആധുനിക സൗകര്യങ്ങളോട് കൂടിയതായിരിക്കണം ജോലിസ്ഥലങ്ങള്‍ എന്നാണ് ആഗ്രഹിക്കുന്നത്,” പാര്‍ലമെന്റ് വക്താവ് പറഞ്ഞു.

ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ടെങ്കിലും മുമ്പും പാര്‍ലമെന്റംഗങ്ങള്‍ കുഞ്ഞുങ്ങളുമായി സഭയില്‍ വന്നിട്ടുണ്ട്.

സീനിയര്‍ ആയ പാര്‍ലമെന്റംഗങ്ങള്‍ക്ക് ‘മറ്റേണിറ്റി ലീവ്’ ആയി വേതനത്തോട് കൂടി ആറ് മാസം അനുവദിക്കുന്നുണ്ട്. ഫെബ്രുവരിയിലാണ് ഇത് നിലവില്‍ വന്നത്. എന്നാല്‍ താരതമ്യേന പ്രവര്‍ത്തിപരിചയം കുറഞ്ഞ ജൂനിയര്‍ അംഗങ്ങള്‍ക്ക് ഈ ഇളവുകള്‍ ലഭിക്കുന്നില്ല. ഇതിനെതിരേയും പ്രതിഷേധമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: UK MP was told not to bring baby to the parliament, invites criticism

Latest Stories

We use cookies to give you the best possible experience. Learn more