ലണ്ടന്‍: ബി.ബി.സി ഡോക്യുമെന്ററി അപവാദങ്ങള്‍ നിറഞ്ഞതാണെന്ന പരാമര്‍ശവുമായി യു.കെ എം.പി ബോബ് ബ്ലാക്മാന്‍. ന്യൂസ് 18നോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഡോക്യുമെന്ററിയിലെ പല ഭാഗങ്ങളും അതിശയോക്തി കലര്‍ത്തിയെടുത്തവയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ബി.സിയുടെ ഡോക്യുമെന്ററി ബ്രിട്ടീഷ് സര്‍ക്കാരുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബി.ബി.സി ഡോക്യുമെന്ററി അപവാദങ്ങള്‍ നിറഞ്ഞതാണ്. ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളും ഞാന്‍ കണ്ടതാണ്. യു.കെ സര്‍ക്കാരില്‍ നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ബി.ബി.സി ഒരിക്കലും ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തരുത്. ഇന്ത്യയില്‍ എന്ത് പ്രദര്‍ശിപ്പിക്കണം പ്രദര്‍ശിപ്പിക്കണ്ട എന്നത് അവിടുത്തെ സര്‍ക്കാരിന്റെ തീരുമാനമാണ്,’ ബോബ് ബ്ലാക്മാന്‍ പറഞ്ഞു.
ഡോക്യുമെന്ററിയും ബി.ബി.സി ഓഫീസില്‍ നടന്ന റെയ്ഡും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയായിരുന്നു ആദായ നികുതി വകുപ്പ് ബി.ബി.സി ഓഫീസില്‍ റെയ്ഡ് നടത്തിയത്. ദല്‍ഹി, മുംബൈ ഓഫീസുകളിലായിരുന്നു റെയ്ഡ്.
അതേസമയം ഇന്ത്യയില്‍ ബി.ബി.സി നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീം കോടതി തള്ളി. ഹിന്ദുസേന അധ്യക്ഷന്‍ വിഷ്ണു ഗുപ്തയുള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.
ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന ബി.ബി.സി ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയില്‍ പ്രതിഷേധം ശക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ജനുവരി 17നാണ് ഡോക്യുമെന്ററി സീരീസിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും പുറത്തുവന്നിരുന്നു.
Content Highlight: UK MP Bob Blackman says there is no link between BBC office raid and Documentary