ലണ്ടൻ: അൽ യമാമ ആയുധ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുതിർന്ന ബ്രിട്ടീഷ് പ്രതിരോധ ഉദ്യോഗസ്ഥർ തെളിവുകൾ തടഞ്ഞുവെക്കുകയും സൗദി മുൻ പ്രതിരോധ മന്ത്രിയുടെ മകനുമായുള്ള കാലഹരണപ്പെട്ട പണമിടപാട് തുടരുകയും ചെയ്‌തെന്ന് യു.കെ കോടതിയിലെ രേഖകൾ.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന് കീഴിൽ വലിയ അഴിമതിക്ക് കാരണമായിട്ടും കൈക്കൂലി നൽകുന്നത് തുടർന്നു എന്നാണ് ഗാർഡിയൻ പത്രത്തിന്റെ റിപ്പോർട്ട്.
കൈക്കൂലി കേസുമായി ബന്ധപ്പെട്ടാണ് രഹസ്യ സ്വഭാവമുള്ളതെന്ന് രേഖപ്പെടുത്തിയത് ഉൾപ്പെടെയുള്ള ഇമെയിലുകളും മെമ്മോകളും പുറത്തുവിട്ടത്.
ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി കരാറായ 1980കളിലെ അൽ യമാമ ഇടപാടുമായി ബന്ധപ്പെട്ടാണ് വിവാദ പണമിടപാടുകൾ നടന്നത്.
അന്ന് സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയുടെ മകനായിരുന്ന ബന്തർ ബിൻ സുൽത്താൻ അൽ സൗദ് രാജകുമാരനാണ് ഫണ്ടുകൾ കൈപ്പറ്റിയത്. ഇടപാടിൽ നിർണായക പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു.
2003ൽ ബ്രിട്ടീഷ് സർക്കാരിന്റെ പങ്കും 2007ൽ സൗദി രാജകുമാരന്റെ പങ്കും പുറത്തുവിട്ട ഗാർഡിയൻ പത്രം കഴിഞ്ഞ ദിവസമാണ് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവിട്ടത്.
1988ലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിന്ന് സൗദി അറേബ്യയിലേക്ക് പണം കൈമാറിയത്. 2004ൽ ആയുധ ഭീമന്മാരായ ബി.എ.ഇയെ ലക്ഷ്യമിട്ട് പണമിടപാടിൽ സീരിയസ് ഫ്രോഡ് ഓഫീസ് (എസ്.എഫ്.ഒ) അന്വേഷണം നടത്തിയിരുന്നു
ദേശീയ താത്പര്യത്തിന് അപകടമാണെന്ന് പറഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷം ബ്ലെയർ സർക്കാർ അന്വേഷണം അവസാനിപ്പിച്ചു.
സ്വകാര്യ ജെറ്റ് ഉൾപ്പെടെ സൗദി രാജകുമാരന്റെ സ്വകാര്യ ആവശ്യങ്ങൾക്കാണ് പണം ചെലവഴിക്കുന്നതെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു.
പണമിടപാട് കാലഹരണപ്പെട്ടതാണെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥനായിരുന്ന സ്റ്റീഫൻ പോളാർഡ് ഒഎസ് മെമ്മോയിൽ പറഞ്ഞിരുന്നു. എന്നാൽ പണം കൈമാറുന്നത് നിർത്തുന്നത് സൗദിയിലെ പ്രധാനികളെ ചൊടിപ്പിക്കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം വാദിച്ചു.
2008ൽ പണം കൈമാറുന്നതിന് സംശയം ജനിപ്പിക്കാത്ത മറ്റൊരു രീതി പ്രതിരോധ മന്ത്രാലയം നടപ്പിലാക്കിയെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
അതേസമയം നിരവധി സൗദി രാജകുടുംബാംഗങ്ങൾക്ക് കൈക്കൂലി നൽകിയ കുറ്റത്തിൽ പ്രതികളായ ജഫ്രീ കുക്ക്, ജോൺ മെസൺ എന്നിവർക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രതിരോധ മന്ത്രാലയം പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി യു.കെ കോടതി ഇരുവരെയും വെറുതെ വിട്ടു.
Content Highlight: UK MOD facilitated bribes to Saudi prince in arms deal – Guardian