വാര്‍ത്തകളിലൂടെ ഇസ്‌ലാമോഫോബിയ ജനിപ്പിക്കുന്നു; ബ്രിട്ടനില്‍ മാധ്യമങ്ങള്‍ മുസ്‌ലിം വിരുദ്ധ കവറേജ് നടത്തുന്നതായി റിപ്പോര്‍ട്ട്; റോയിട്ടേഴ്‌സും അസോസിയേറ്റഡ് പ്രസും പട്ടികയില്‍
World News
വാര്‍ത്തകളിലൂടെ ഇസ്‌ലാമോഫോബിയ ജനിപ്പിക്കുന്നു; ബ്രിട്ടനില്‍ മാധ്യമങ്ങള്‍ മുസ്‌ലിം വിരുദ്ധ കവറേജ് നടത്തുന്നതായി റിപ്പോര്‍ട്ട്; റോയിട്ടേഴ്‌സും അസോസിയേറ്റഡ് പ്രസും പട്ടികയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th November 2021, 4:28 pm

ലണ്ടന്‍: ബ്രിട്ടനിലെ മാധ്യമങ്ങള്‍ മുസ്‌ലിങ്ങളുമായും ഇസ്‌ലാം മതവുമായും ബന്ധപ്പെട്ട വാര്‍ത്തകള്‍ ചെയ്യുമ്പോള്‍ ഇസ്‌ലാമോഫോബിയ ജനിപ്പിക്കുന്നതും തെറ്റായതുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതായി പഠന റിപ്പോര്‍ട്ട്. തെറ്റായതും സ്റ്റീരിയോടൈപ്പ് ചെയ്യുന്നതുമായ വിവരങ്ങളിലൂടെ പ്രസ് കവറേജുകളില്‍ മുസ്‌ലിം വിരുദ്ധത കൊണ്ടുവരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ, സെന്റര്‍ ഫോര്‍ മീഡിയ മോണിറ്ററിംഗ് (സി.എഫ്.എം.എം) ആണ് പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ദ ടൈംസ്, ദ സ്‌പെക്‌റ്റേറ്റര്‍, ടെലഗ്രാഫ്, ഡെയ്‌ലി മെയില്‍ ഓസ്‌ട്രേലിയ, മെയില്‍ ഓണ്‍ സണ്‍ഡേ, ക്രിസ്റ്റിയന്‍ ടുഡേ, ജൂയിഷ് ക്രോണിക്കിള്‍ എന്നീ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലടക്കമാണ് ഇത്തരത്തില്‍ ഇസ്‌ലാമോഫോബിക് കണ്ടന്റുകള്‍ ഉള്ളതായി കണ്ടെത്തിയത്.

2018 ഒക്ടോബറിനും 2019 സെപ്റ്റംബറിനുമിടയില്‍ 48,000 ഓണ്‍ലൈന്‍ ലേഖനങ്ങളും 5,500ലധികം ബ്രോഡ്കാസ്റ്റ് ക്ലിപ്പുകളും പരിശോധിച്ചാണ് പഠനം നടത്തിയത്. ഇതില്‍ 60 ശതമാനത്തോളം ലേഖനങ്ങളും 47 ശതമാനം ടെലിവിഷന്‍ ക്ലിപ്പുകളും മുസ്‌ലിങ്ങളെ തെറ്റായ രീതിയിലും മോശമായി പെരുമാറുന്നവരായുമാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍.

മുസ്‌ലിം വിരുദ്ധത പറയുന്ന ഈ 60 ശതമാനം ലേഖനങ്ങളില്‍ അധികവും റോയിട്ടേഴ്‌സ്, അസോസിയേറ്റഡ് പ്രസ്, എ.എഫ്.പി എന്നീ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളില്‍ നിന്നാണെന്നും പറയുന്നു.

ബ്രിട്ടീഷ് മീഡിയ കവറേജ് ഓഫ് മുസ്‌ലിം ആന്‍ഡ് ഇസ്‌ലാം (2018-2020) എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മുസ്‌ലിങ്ങളെ അപമാനിക്കുന്ന തരത്തില്‍ പ്രമുഖ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ 10 ഉദാഹരണങ്ങളും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്.

ഇതില്‍ ഒമ്പത് കേസുകളിലും നഷ്ടപരിഹാരം നേടിയെടുക്കുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വലതുപക്ഷ, മത പബ്ലിക്കേഷനുകളിലാണ് കൂടുതലായും ഇത്തരത്തില്‍ മുസ്‌ലിം വിഭാഗത്തോട് പക്ഷപാത നിലപാട് കാണിക്കുന്ന കണ്ടന്റുകള്‍ കാണപ്പെട്ടതെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

”മുസ്‌ലിങ്ങളുടെ പക്കല്‍ നിന്ന് വളരാന്‍ വേണ്ടി ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കുട്ടിയെ നിര്‍ബന്ധിച്ചു” (Christian Child Forced into Muslim Foster Care) എന്ന തലക്കെട്ടില്‍ ദ ടൈംസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പരാതി നല്‍കിയിട്ട് പോലും ഇപ്പോളും അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. യു.കെയിലെ പ്രസ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ ആയിരുന്നു പരാതി നല്‍കിയിരുന്നത്.

പ്രാദേശിക മാധ്യമങ്ങളേക്കാളും ദേശീയ തലത്തില്‍ പ്രചാരമുള്ള വമ്പന്‍ മാധ്യമ സ്ഥാപനങ്ങളാണ് മുസ്‌ലിം വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ടെലിവിഷന്‍ ക്ലിപ്പുകള്‍ എടുത്ത് പ്രചരിപ്പിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ അക്രമ സംഭവങ്ങളുമായോ ഭീകരവാദവുമായോ ബന്ധിപ്പിച്ചാണ് പലപ്പോഴും ഇത്തരം മാധ്യമങ്ങളില്‍ ഇസ്‌ലാം മതത്തെ ചിത്രീകരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: UK media report found widespread anti-Muslim bias and Islamophobia in press coverage