ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ലിസ് ട്രസ് ‘യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഹോളിഡേ എടുക്കുകയാണെ’ന്ന് (holiday from reality) മുതിര്‍ന്ന എം.പി മൈക്കല്‍ ഗോവ്.
രാജ്യത്തെ ജനങ്ങള്‍ ജീവിതച്ചെലവിന്റെ കാര്യത്തില്‍ പ്രതിസന്ധി നേരിടുന്ന സമയത്ത് നികുതി വെട്ടിക്കുറക്കുമെന്ന ലിസ് ട്രസിന്റെ വാഗ്ദാനമാണ് വിമര്‍ശനത്തിന് കാരണം. ശനിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച മൈക്കല്‍ ഗോവിന്റെ പ്രതികരണം.
വിവിധ ബില്ലുകള്‍ അടയ്ക്കാന്‍ പാടുപെടുന്ന ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഉടനടി നികുതി വെട്ടിക്കുറക്കുമെന്നായിരുന്നു ട്രസ് പ്രഖ്യാപിച്ചത്. ഈ തീരുമാനം റിഷി സുനക്കില്‍ നിന്നും അദ്ദേഹത്തിന്റെ സഖ്യകക്ഷികളില്‍ നിന്നും വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
‘നേതൃത്വത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് പലരും യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഹോളിഡേ എടുക്കുകയാണ്, അതില്‍ എനിക്ക് ആശങ്കയുണ്ട്. ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിന് കൂടുതല്‍ നികുതി വെട്ടിക്കുറക്കുന്നതല്ല മാര്‍ഗം,’ ടൈംസ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഗോവ് പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അന്തിമ പോരാട്ടത്തില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനകിനെയാണ് മൈക്കല്‍ ഗോവ് പിന്തുണക്കുന്നത്.
ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി കൂടിയാണ് ലിസ് ട്രസ്. സര്‍വേകളില്‍ ബ്രിട്ടന്റെ മുന്‍ ധനകാര്യ മന്ത്രിയായ റിഷി സുനകിനേക്കാള്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യത കല്‍പിക്കപ്പെടുന്നത് ലിസ് ട്രസാണ്.
അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയും സാമ്പത്തിക മാന്ദ്യത്തിലൂടെയുമാണ് ബ്രിട്ടന്‍ കടന്നുപോകുന്നത്.
നേരത്തെ, തെറ്റായ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി വിജയിക്കുന്നതിനെ താന്‍ വിലമതിക്കുന്നില്ല എന്നും പാലിക്കാനാവാത്ത വാഗ്ദാനങ്ങള്‍ നല്‍കി വിജയിക്കുന്നതിനേക്കാള്‍ നല്ലത് പരാജയപ്പെടുന്നതാണെന്നും ബി.ബി.സിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ റിഷി സുനക് പറഞ്ഞിരുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വംശീയത, ലിംഗഭേദം എന്നീ ഘടകങ്ങള്‍ക്ക് സ്ഥാനമുണ്ടെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
അതേസമയം അവസാനഘട്ട മത്സരത്തില്‍ റിഷി സുനകിന് പിന്തുണ നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റിഷിയെ പിന്തുണച്ചിരുന്ന കാബിനറ്റ് മന്ത്രിയായ സര്‍ റോബര്‍ട്ട് ബക്ക്‌ലാന്‍ഡ് കളം മാറി ലിസ് ട്രസ് അനുകൂലിയായതോടെയാണ് ബ്രിട്ടീഷ് കാബിനറ്റില്‍ നിന്നുള്ള പിന്തുണ ഇന്ത്യന്‍ വംശജന് നഷ്ടപ്പെടുന്നതായി വിലയിരുത്തലുകള്‍ വന്നത്.
രാജി വെച്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള റിഷി സുനക്, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് പാര്‍ട്ടി എം.പിമാര്‍ക്കിടയില്‍ നടത്തിയ ആദ്യ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും ഒന്നാമതെത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവസാന ഘട്ടത്തില്‍ ലിസ് ട്രസിനാണ് പിന്തുണ കൂടുതല്‍ ലഭിക്കുന്നത്.
ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ലിസ് ട്രസ് തന്നെ എത്തും എന്നാണ് വിവിധ സര്‍വേ ഫലങ്ങളും സൂചിപ്പിക്കുന്നത്.