ലണ്ടൻ: ഒക്ടോബർ ഏഴിന് നടന്ന ആക്രമണം ഇസ്രഈൽ അനുവദിച്ചതാണെന്ന പരാമർശത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ സസ്പെൻഡ് ചെയ്ത് യു.കെയിലെ ലേബർ പാർട്ടി.
കഴിഞ്ഞ മാസം അന്തരിച്ച ടോണി ലോയിഡ് എം.പിക്ക് പകരമായി പാർട്ടി മത്സരിപ്പിച്ചത് അസർ അലിയെ ആയിരുന്നു.
ഹമാസ് ഒരു ആക്രമണം ആസൂത്രണം ചെയ്തതായി ആക്രമണം നടക്കുന്നതിന്റെ തലേദിവസം ഇസ്രഈലിന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന് അലി പറയുന്ന റെക്കോർഡിങ്ങുകൾ ബ്രിട്ടീഷ് മാധ്യമങ്ങളിൽ കഴിഞ്ഞ വാരം പ്രത്യക്ഷപ്പെട്ടിരുന്നു.
ഹമാസിനെ ഇഷ്ടമുള്ളത് ചെയ്യുവാനുള്ള അവസരം നൽകുന്നതിന് ഇസ്രഈൽ സുരക്ഷ മനപ്പൂർവ്വം പിൻവലിക്കുകയായിരുന്നു എന്ന് അലി പറഞ്ഞിരുന്നു.
ജൂത ആസ്ഥാനങ്ങളിൽ നിന്നുള്ള ചില മാധ്യമപ്രവർത്തകരാണ് ഫലസ്തീൻ അനുകൂല ലേബർ എം.പി ആന്റി മക്ഡോണാൾഡിന്റെ സസ്പെൻഷന് പിന്നിലെന്നും അലി പറഞ്ഞതായി ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിലിന്റെ റിപ്പോർട്ടിൽ പറയുന്നു.
തന്റെ പരാമർശങ്ങളുടെ പേരിൽ അലി കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചെങ്കിലും അങ്ങേയറ്റം അപലപനീയവും തെറ്റായതും എന്ന് മുദ്രകുത്തി പാർട്ടി അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയായിരുന്നു.