| Thursday, 18th July 2024, 11:07 am

ഇസ്രഈലിന് ആയുധങ്ങൾ നൽകുന്നത് ബ്രിട്ടൻ അവസാനിപ്പിക്കണം: ലേബർ പാർട്ടി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഇസ്രഈലിന് ആയുധങ്ങൾ നൽകുന്നത് ബ്രിട്ടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടി എം.പി സാറാ സുൽത്താന. ഇസ്രഈലിലേക്കുള്ള ആയുധ വിൽപ്പന നിരോധിക്കാനും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കാനും സർക്കാരിനോട് അവർ ആവശ്യപ്പെട്ടു.

ഗസയിലെ ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രഈൽ ഉപയോഗിച്ച എഫ് 35 യുദ്ധവിമാനങ്ങളിൽ ബ്രിട്ടീഷ് നിർമ്മിത ഭാഗങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ബുധനാഴ്ച ഗാർഡിയനിൽ എഴുതിയ ലേഖനത്തിൽ സുൽത്താന പറയുന്നു.

അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുടെ അഭിപ്രായങ്ങളെയും സുൽത്താന പരാമർശിച്ചു.

‘അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെ ഗുരുതരമായ ലംഘനം നടത്താവുന്ന തരത്തിൽ ഈ വസ്തുക്കൾ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിൽ ബ്രിട്ടീഷ് ആയുധ ലൈസൻസുകൾ അനുവദിക്കാനാവില്ല,’ എന്നതായിരുന്നു ലാമിയുടെ പ്രസ്താവന.

‘ജനുവരിയിൽ, അന്താരാഷ്ട്ര നീതിന്യായ കോടതി ഗസയിൽ വംശഹത്യ നടക്കുന്നുവെന്ന് പറഞ്ഞിരുന്നു. വംശഹത്യ തടയാനും ശിക്ഷിക്കാനും യു.കെ സർക്കാർ നിയമപരമായി ബാധ്യസ്ഥരാണ്. ശരിയായ കാര്യങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്തം ഇപ്പോൾ ലേബർ പാർട്ടിക്കുണ്ട്,’ സുൽത്താന പറഞ്ഞു.

ഇസ്രഈൽ ഗസയിൽ നടത്തുന്ന വംശഹത്യയിൽ ഇതുവരെ 38000 തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെള്ളവും ഭക്ഷണവും ഉൾപ്പെടെ അവശ്യ സാധനങ്ങൾ പോലും ലഭ്യമാകാതെ കടുത്ത ദുരിതത്തിലാണ് മിക്ക ആളുകളും. പോഷകാഹാരക്കുറവ് നേരിടുന്ന കുഞ്ഞുങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ഇസ്രഈലിന്റെ അക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്.

Content Highlight: UK: Labour MP Zarah Sultana tables amendment calling for end of Israel arm sales

We use cookies to give you the best possible experience. Learn more