| Wednesday, 14th June 2017, 11:56 am

'ഇന്ത്യ തന്നെയാണ് വിജയ് മല്യയെ നാടുകടത്തുന്നതിന് തടസം'; രൂക്ഷവിമര്‍ശനവുമായി ബ്രിട്ടീഷ് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബ്രിട്ടീഷ് കോടതി. പൈാതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പ്പയെടുത്ത് ബ്രിട്ടനിലേക്ക് കടന്ന വിജയ് മല്യയെ തിരിച്ച് നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച കേസിലാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആല്‍ബര്‍ട്ടാണ് ഇന്ത്യയെ വിമര്‍ശിച്ചത്.

മല്യയ്‌ക്കെതിരായ തെളിവുകള്‍ ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നതിന് മൂന്നോ നാലോ ആഴ്ചകള്‍ കൂടി വേണമെന്ന് കേസില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ ആരോണ്‍ വാറ്റ്കിന്‍സ് ആവശ്യപ്പെട്ടപ്പോഴാണ് കോടതി വിമര്‍ശിച്ചത്. ഇന്ത്യയില്‍ എല്ലാ കാര്യങ്ങളും ഇങ്ങനെ അലസമായാണോ കൈകാര്യം ചെയ്യുന്നതെന്ന് ചോദിച്ച കോടതി, മല്യയെ നാടുകടത്തുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ട് ആറ് മാസങ്ങളായി എന്നും ഓര്‍മ്മിപ്പിച്ചു.


Also Read: ഹണിറോസിന്റെ ലിപ് ലോക്ക് ചുംബന രംഗം പരസ്യത്തിനായി ഉപയോഗിച്ചതില്‍ പങ്കില്ല: സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ്


ഉത്തരവ് പുറത്തിറങ്ങി ഇത്രയും കാലമായിട്ടും അത് നടപ്പിലാക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു. വിജയ് മല്യയെ നാട്ടിലെത്തിക്കാതെ രക്ഷപ്പെടുത്തുന്നത് ആരാണ് എന്ന ചോദ്യമാണ് ഇതോടെ ഉയര്‍ന്നിരിക്കുന്നത്.

നിരപരാധിത്വം തെളിയിക്കാനുള്ള തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് ആത്മവിശ്വാസത്തോടെയാണ് മല്യ കോടതിയില്‍ പറഞ്ഞത്. ആരോപണങ്ങള്‍ നിഷേധിക്കുന്നുവെന്നും കോടതിയില്‍ നിന്ന് ഒളിച്ചു നടന്നിട്ടില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു.


Don”t Miss: ‘മയിലുകള്‍ ഇണ ചേരില്ലെന്ന് പറഞ്ഞ രാജസ്ഥാന്‍ ജഡ്ജിയ്ക്ക് നന്ദി’; പാലക്കാട്ടെ മയില്‍ സംരക്ഷണ കേന്ദ്രത്തിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്


മെയ് 17-ന് നടത്തേണ്ട വാദമാണ് ഇന്നലെ കോടതിയില്‍ നടന്നത്. ഇന്ത്യയുടെ നിരുത്തരവാദപരമായ നിലപാടുകള്‍ കാരണം കേസ് ഉടനെയൊന്നും തീര്‍പ്പാകാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജൂലൈ ആറിനാണ് ഇനി കേസില്‍ വാദം കേള്‍ക്കുക.

We use cookies to give you the best possible experience. Learn more