| Wednesday, 14th August 2024, 9:26 am

ബി.ബി.സി അവതാരകയെ അധിക്ഷേപിച്ചു; ഇസ്രഈൽ സർക്കാർ വക്താവിനെ വിമർശിച്ച് പത്രപ്രവർത്തക യൂണിയൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ബി.ബി.സി വാർത്താ അവതാരകയെ അധിക്ഷേപിച്ചതിന് പിന്നാലെ ഇസ്രഈൽ സർക്കാർ വക്താവിനെ വിമർശിച്ച് പത്രപ്രവർത്തക യൂണിയൻ രംഗത്ത്.

ബി.ബി.സി അവതാരക മിഷാൽ ഹുസൈനെയാണ് ഇസ്രഈൽ സർക്കാർ വക്താവായ ഡേവിഡ് മെൻസർ അധിക്ഷേപിച്ചത്.

മിഷാൽ ഹുസ്സൈൻ രാജ്യത്ത് ജൂതന്മാർക്കെതിരെയുള്ള ആക്രമണങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു അധിക്ഷേപം. തുടർന്ന് മെൻസറിനെ നാഷണൽ യൂണിയൻ ഓഫ് ജേർണലിസ്റ്റ് വിമർശിക്കുകയായിരുന്നു.

തിങ്കളാഴ്ച ബി.ബി.സി റേഡിയോ 4ൻ്റെ ടുഡേ പ്രോഗ്രാമിൽ വെച്ച്, ബി.ബി.സിയുടെ റിപ്പോർട്ടിങ്, ബ്രിട്ടനിലെ ജൂതന്മാർക്കെതിരായ യഹൂദവിരുദ്ധ ആക്രമണങ്ങൾക്ക് കാരണമായെന്ന് മെൻസർ അവകാശപ്പെട്ടു. ഒപ്പം ഇസ്രഈലി സംഘടനകൾ മിഷാലിന് പഠിപ്പിച്ച് നൽകിയ വിവരങ്ങൾ അവർ അന്ധമായി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നുവെന്നും മെൻസർ ആരോപിച്ചു.

കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിനിടെ മിഷാൽ അടുത്തിടെ നടന്ന 100 ൽ അധികം ആളുകളുടെ മരണത്തിനിടയാക്കിയ ഇസ്രഈലി ആക്രമണത്തെക്കുറിച്ച് ചോദിച്ചു. ഫലസ്തീൻ അഭയാർത്ഥി ക്യാമ്പ് ആയി പ്രവർത്തിച്ചിരുന്ന സ്കൂളിലേക്ക് ഇസ്രഈൽ സൈന്യം ബോംബ് ഇടുകയും 100 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ആക്രമണം നടക്കുമ്പോൾ സ്കൂൾ കോമ്പൗണ്ടിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നില്ലെന്ന് മെൻസർ വാദിക്കുകയായിരുന്നു.

തുടർന്ന് അദ്ദേഹം ക്ഷുഭിതനാവുകയും മിഷാലിനെ അധിക്ഷേപിക്കുകയും ചെയ്തു. ‘നിങ്ങൾക്ക് ഫലസ്തീൻ അനുകൂല റിപ്പോർട്ടർ ഓഫ് ദി ഇയർ എന്ന അവാർഡിന് അർഹതയുള്ളതായി ഞാൻ കരുതുന്നു. നിങ്ങൾ ഈ യുദ്ധത്തെക്കുറിച്ച് ഏകപക്ഷീയമായി മാത്രമാണ് വാർത്തകൾ നൽകുന്നത്. ഇത് ബ്രിട്ടനിലെ തെരുവുകളിൽ ജൂതന്മാർക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്നതിന് കാരണമാകും. ബ്രിട്ടൻ നഗരത്തിൽ ജനങ്ങൾ ജൂതന്മാർക്കെതിരെ ഇറങ്ങുകയും അവർക്ക് നേരെ ആക്രോശങ്ങൾ ഉയർത്തുകയും ചെയ്യുന്നു. അവരുടെ പെണ്മക്കളെ ബലാത്സംഗം ചെയ്യുമെന്നുമുള്ള ആക്രോശങ്ങൾ ഉയരുന്നു. ഇതിന് കാരണം നിങ്ങളാണ്,’ മെൻസർ പറഞ്ഞു.

മെൻസറുടെ ഈ പ്രതികരണം വളരെ രൂക്ഷമായിരുന്നെന്നും അവതാരകയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നെന്നും നാഷണൽ യൂണിയൻ ഓഫ് ജേർണലിസ്റ്റ് വിമർശിച്ചു.

‘പത്രപ്രവർത്തകരെ അധിക്ഷേപിക്കുന്നത് എല്ലായ്പ്പോഴും വളരെ മോശം പ്രവർത്തിയാണ്. പ്രത്യേകിച്ച് ഒരു സർക്കാർ പദവിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ തന്നെ അത് ചെയ്യുന്നത് അപലപനീയമാണ്,’ എൻ.യു. ജെ പറഞ്ഞു.

ബി.ബി.സിയും മിഷാലിന് പിന്തുണയുമായെത്തിയിട്ടുണ്ട്. അവർ തന്റെ ചോദ്യങ്ങൾ വളരെ പ്രൊഫഷണൽ ആയി ചോദിക്കുകയും തന്റെ ജോലി ഭംഗിയോടെ ചെയ്യുകയും ചെയ്‌തെന്ന് ബി.ബി.സി പറഞ്ഞു.

കുട്ടികളെ അപകീർത്തിപരമായി ചിത്രീകരിച്ചതിന് പുറത്താക്കപ്പെട്ട മുൻ സീനിയർ അവതാരകൻ ഹ്യു എഡ്‌വാർഡിന് പിന്നാലെ കഴിഞ്ഞ 11 വർഷമായി മിഷാൽ ആണ് ടുഡേ പ്രോഗ്രാം അവതരിപ്പിക്കുന്നത്. ബി.ബി.സിയുടെ മികച്ച വാർത്ത അവതാരകയയാണ് മിഷാൽ അറിയപ്പെടുന്നത്.

Content Highlight: UK: Journalist union slams Israeli government spokesman for ‘abusive’ attack on BBC presenter

We use cookies to give you the best possible experience. Learn more