| Friday, 9th December 2022, 11:49 pm

റഷ്യന്‍, ഇറാന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യു.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ലോകത്താകമാനം 30 പേര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യു.കെ. റഷ്യയിലെയും ഇറാനിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 30 പേര്‍ക്കെതിരെയാണ് ബ്രിട്ടന്‍ ഉപരോധം പ്രഖ്യാപിച്ചത്.

പീഡനം, ലൈംഗികാതിക്രമം, മറ്റ് ക്രമിനല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടവര്‍ എന്നിവരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബ്രിട്ടന്‍ അവകാശപ്പെടുന്നു.

അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിന്റെയും ആഗോള മനുഷ്യാവകാശ ദിനത്തിന്റെയും ഭാഗമായാണ് ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു.

മൗലികാവകാശ ലംഘനങ്ങള്‍ക്ക് പിന്നിലുള്ളവരെ തുറന്നുകാട്ടാനാണ് ഈ ഉപരോധമെന്ന് ബ്രിട്ടണ്‍ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പ്രസ്താവനയില്‍ പറഞ്ഞു.

ഉക്രൈന്‍- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്ക് ഡ്രോണുകള്‍ വിതരണം ചെയ്ത ഇറാനെതിരെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ബ്രിട്ടന്റെ നീക്കം.

അതേസമയം, ധനസഹായത്തിന് പിന്നാലെ സൈനിക പരമായും ഉക്രൈനെ ബ്രിട്ടണ്‍ സഹായിക്കാനൊരുങ്ങിയിരുന്നു. ഇതിനായി ബ്രിട്ടണ്‍ ഹെലികോപ്റ്ററുകളുടെ സാങ്കേതിക കാര്യങ്ങള്‍ പരിശീലിപ്പിക്കാനായി ഉക്രൈനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ലണ്ടനിലേക്ക് എത്തിച്ചിരുന്നു.

Content Highlight: UK imposes sanctions against 30 people worldwide for human rights violations

We use cookies to give you the best possible experience. Learn more