ബ്രിട്ടന്‍ ആയുധ കയറ്റുമതിയെ ചോദ്യം ചെയ്ത് ഫലസ്തീന്‍ മനുഷ്യാവകാശ സംഘടന; ഹരജി തള്ളി യു.കെ ഹൈക്കോടതി
World News
ബ്രിട്ടന്‍ ആയുധ കയറ്റുമതിയെ ചോദ്യം ചെയ്ത് ഫലസ്തീന്‍ മനുഷ്യാവകാശ സംഘടന; ഹരജി തള്ളി യു.കെ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st February 2024, 8:32 pm

ലണ്ടന്‍: ഇസ്രഈലിലേക്കുള്ള ബ്രിട്ടന്റെ ആയുധ കയറ്റുമതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി തള്ളി യു.കെ ഹൈക്കോടതി. യു.കെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ബിസിനസ് ആന്റ് ട്രേഡിനെതിരെ ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ അല്‍ ഹഖും ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ലീഗല്‍ ആക്ഷന്‍ നെറ്റ്വര്‍ക്കും സംയുക്തമായി നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

ഗസയില്‍ ആക്രമണം നടത്തുന്നതിനായി ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്ന രാജ്യത്തിന്റെ നിയമസാധുതയില്‍ പരിശോധന നടത്തണമെന്നായിരുന്നു ഹരജിയില്‍ സംഘടനകള്‍ ആവശ്യപ്പെട്ടത്.

അന്താരാഷ്ട്ര ആയുധ കയറ്റുമതി മാനദണ്ഡങ്ങള്‍ പ്രകാരം ബ്രിട്ടീഷ് ആയുധങ്ങള്‍ വരുത്തിയേക്കാവുന്ന പ്രത്യാഘാതം കണക്കിലെടുത്ത് കയറ്റുമതിക്കുള്ള ലൈസന്‍സുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

2015 മെയ് മുതല്‍ 472 മില്യണ്‍ പൗണ്ടിന്റെ സൈനിക കയറ്റുമതിക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ടെന്ന് സംഘടനകള്‍ ഹരജിയില്‍ പറയുന്നുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസ്തുത കണക്കുകളുടെ അടിസ്ഥാനത്തില്‍ ബ്രിട്ടന്റെ ആയുധ കയറ്റുമതി പരിധി വിട്ടിരിക്കുകയാണെന്നും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍ ഹരജി യുക്തി രഹിതവും യാഥാര്‍ഥ്യ ബോധ്യത്തോട് കൂടി ഫയല്‍ ചെയ്യപ്പെട്ടതല്ലെന്നും ചൂണ്ടിക്കാട്ടി പരാതി ഹൈക്കോടതി തള്ളുകയായിരുന്നു.

ബ്രിട്ടന്റെ കയറ്റുമതി നിയമങ്ങള്‍ നിരന്തരം പരിശോധനക്ക് വിധേയമാണെന്നും അതില്‍ സൂക്ഷ്മ നിരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നുമായിരുന്നു യു.കെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ബിസിനസ് ആന്റ് ട്രേഡിന്റെ ഹരജിയിലെ പ്രതികരണം. അതേസമയം വിധിക്കെതിരെ തിങ്കളാഴ്ച അപ്പീല്‍ നല്‍കുമെന്ന് സംഘടനകള്‍ അറിയിച്ചു.

Content Highlight: UK High Court rejects petition challenging UK arms exports to Israel