| Sunday, 27th June 2021, 7:48 am

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വനിതാ ഉദ്യോഗസ്ഥയെ ചുംബിച്ചു; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടണില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഔദ്യോഗിക കാര്യാലയത്തിലെ ഉദ്യോഗസ്ഥയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്ത ആരോഗ്യ സെക്രട്ടറി രാജിവെച്ചു. ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാക്കാണ് രാജിവെച്ചത്.

രാജിസന്നദ്ധത പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ അറിയിച്ചതായി മാറ്റ് ഹാക്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെ താന്‍ അപമാനപ്പെടുത്തിയെന്നും ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാത്തതിനാല്‍ രാജിവെയ്ക്കുന്നുവെന്നുമാണ് ഹാക്ക് പറഞ്ഞത്.

‘മഹാമാരിയ്‌ക്കെതിരെ രാജ്യം ഒന്നടങ്കം ഒന്നിച്ചുനില്‍ക്കുന്ന സമയമാണിത്. എന്നാല്‍ ഈ പ്രവൃത്തിയിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് ഞാന്‍ അപമാനമുണ്ടാക്കി,’ ഹാക്ക് പറഞ്ഞു.

ഓഫീസിലെ വനിതാ ഉദ്യോഗസ്ഥയെ ഹാക്ക് ചുംബിക്കുന്ന ദൃശ്യങ്ങള്‍ ദി സണ്‍ ആണ് പുറത്തുവിട്ടത്. നികുതി കാര്യാലയത്തിലെ ഉദ്യോഗസ്ഥയായിരുന്നു ഇവര്‍. ചിത്രം പുറത്തുവിട്ടതോടെ ഹാക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു.

ഇക്കഴിഞ്ഞ മെയിലാണ് സംഭവം നടന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന സമയത്തായിരുന്നു ഹാക്ക് അവ പാലിക്കാതെ ഉദ്യോഗസ്ഥയെ ആലിംഗനം ചെയ്തതെന്നാണ് ദി സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം മാറ്റ് ഹാക്കിന്റെ രാജി സ്വീകരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു . രാജ്യത്തിന് വേണ്ടി ഹാക്ക് ഇതുവരെ നടത്തിയ എല്ലാ സേവനങ്ങളെയും അഭിനന്ദിക്കുവെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights:  UK Health Secretary resigns after breaking covid protocol

We use cookies to give you the best possible experience. Learn more