ലണ്ടന്‍: ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് എം.പിമാര്‍. ചൈനയ്ക്കതിരെ വ്യാപാര വിലക്ക് ഏര്‍പ്പെടുത്തണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.
ഉയിഗൂര്‍ വംശജര്‍ക്കു നേരെയുള്ള ചൈനീസ് ആക്രമണങ്ങളെപ്പറ്റി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെടണമെന്നും എം.പിമാരുടെ സംഘം ആവശ്യപ്പെട്ടു.
ഷി ജിംഗ് പിംഗിന്റെ ഭരണത്തിന് കീഴില്‍ ഉയിഗൂര്‍ വംശജര്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും അതിനാല്‍ ആക്രമണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വടക്ക്-പടിഞ്ഞാറന്‍ മേഖല അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും എം.പിമാര്‍ പറഞ്ഞു.
ലോകരാജ്യങ്ങളുടെ ഇടപെടലാണ് ഈ വിഷയത്തില്‍ വേണ്ടതെന്നും പാര്‍ലമെന്റ് കമ്മിറ്റി അംഗവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ടോം ടുഗെന്‍ഹാറ്റ് പറഞ്ഞു.
‘പാര്‍ലമെന്റുകളുടെ മാതാവാണ് ബ്രിട്ടീഷ് പാര്‍ലമെന്റ്. ഈ വിഷയത്തില്‍ ഇപ്പോള്‍ ഇടപെട്ടില്ലെങ്കില്‍ പിന്നെയാരാണ് ഇതിന് പരിഹാരം കാണുന്നത്,’ ടോം ടുഗെന്‍ഹാറ്റ് പറഞ്ഞു.
അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് അഭയത്തിനായി സമീപിക്കുന്നവരെ തള്ളിക്കളയരുതെന്നും അവരെ സംരക്ഷിക്കണമെന്നും ടുഗെന്‍ഹാറ്റ് പറഞ്ഞു.
ഏകദേശം ഒരു ദശലക്ഷം ഉയിഗൂര്‍ വംശജരെ ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തി പീഡിപ്പിക്കുകയാണെന്ന് ആഗോള മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജനസംഖ്യ വര്‍ധനവ് ചൂണ്ടിക്കാട്ടി യുവജനങ്ങള്‍ അടക്കമുള്ളവരെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുകയാണുണ്ടായത്.