| Saturday, 27th July 2024, 7:28 pm

ഐ.സി.സിയുടെ തീരുമാനം എതിര്‍ക്കേണ്ടതില്ല; നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ എതിര്‍ത്ത മുന്‍ സര്‍ക്കാരിന്റെ നിലപാട് തിരുത്തി പുതിയ യു.കെ പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ എതിര്‍ത്ത മുന്‍ സര്‍ക്കാരിന്റെ നടപടി തിരുത്തുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. വെള്ളിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.

ബ്രിട്ടനിലെ മുന്‍ സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി ഇത് കോടതിയുടെ തീരുമാനമാണെന്ന് കെയര്‍ സ്റ്റാര്‍മറിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസയ്‌ക്കെതിരായ യുദ്ധത്തിന്റെ പേരില്‍ ഇസ്രഈലിനുള്ള ആയുധ വില്‍പ്പന രാജ്യം നിയന്ത്രിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്തുകൊണ്ട് ഫലസ്തീനികള്‍ക്കായുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് ജസ്റ്റിസ് (ഐ.സി.ജെ.പി) രംഗത്തെത്തി. ഐ.സി.സിയുടെ അധികാരപരിധിയും സ്വാതന്ത്ര്യവും മാനിക്കുക എന്നത് നീതിയോടും ഉത്തരവാദിത്തത്തോടുമുള്ള യഥാര്‍ത്ഥ പ്രതിബദ്ധത പ്രകടിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാണെന്ന് ഐ.സി.ജെ.പി ലീഗല്‍ ഓഫീസര്‍ സാക്കി സറാഫ് പറഞ്ഞു.

എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ തീരുമാനം പുതിയ സര്‍ക്കാരും നിലനിര്‍ത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ഇസ്രഈലിന് ഉറപ്പ് നല്‍കിയതായി നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ആരോപിച്ചാണ് നെതന്യാഹുവിനും ഇസ്രഈല്‍ ആഭ്യന്ത്രര മന്ത്രി യോവ് ഗാലന്റിനും ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ഇസ്രഈല്‍ നേതാക്കള്‍ക്ക് പുറമെ ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍, സൈനിക കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് ദിയാബ്, ഇസ്മായില്‍ ഹനിയ എന്നിവര്‍ക്കും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ കെയര്‍ സ്റ്റാര്‍മറിന്റെ തീരുമാനത്തിനെതിരെ ബ്രിട്ടീഷ് ജൂതന്മാരുടെ ബോര്‍ഡ് ഓഫ് ഡെപ്യൂട്ടീസും ജൂത ലീഡര്‍ഷിപ്പ് കൗണ്‍സിലും വെള്ളിയാഴ്ച രംഗത്തെത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം ഖേദകരം എന്നാണ് സംഘടന പ്രസ്താവനയിറക്കിയത്. തീരുമാനം യു.കെ ദീര്‍ഘകാലമായി എടുത്തിട്ടുള്ള വിദേശനയത്തിന് എതിരാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: UK dropping its objection to ICC arrest warrant for Israel’s Netanyahu

We use cookies to give you the best possible experience. Learn more