| Monday, 1st January 2024, 3:34 pm

ചെങ്കടല്‍ സംരക്ഷിക്കപ്പെടണം; ഹൂത്തികളെ നേരിടാതെ വഴിയില്ല: ബ്രിട്ടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ചെങ്കടലില്‍ ഇസ്രഈല്‍ അനുകൂല കപ്പലുകളെ ആക്രമിക്കുന്ന ഹൂത്തി വിമതരുടെ നീക്കത്തെ നേരിടാന്‍ ബ്രിട്ടീഷ് സേന തയ്യാറാണെന്ന് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ്. ഡെയ്ലി ടെലഗ്രാഫ് പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു ഗ്രാന്റ് ഷാപ്‌സിന്റെ പരാമര്‍ശം.

ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ ഇസ്രഈല്‍ അനുകൂല വിദേശ കപ്പലുകളെ ഹൂത്തികള്‍ ലക്ഷ്യമിട്ടിരുന്നു. ഇറാന്‍ പിന്തുണയുള്ള വിമത സംഘം ഹമാസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ചെങ്കടല്‍ വഴിയുള്ള സഞ്ചാരപാത സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനായി യു.കെ നേരിട്ട് ഇടപെടാന്‍ തയ്യാറാണെന്നുമാണ് പ്രതിരോധ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ഡിസംബറില്‍ ബ്രിട്ടീഷ് യുദ്ധക്കപ്പല്‍ ചെങ്കടലില്‍ ഒരു ഡ്രോണിനെ വെടിവെച്ചിട്ടിരുന്നെന്നും ആവശ്യം വന്നാല്‍ കൂടുതല്‍ നടപടിയെടുക്കാന്‍ തങ്ങള്‍ മടിക്കില്ല എന്നും ഷാപ്‌സ് ഓര്‍മിപ്പിച്ചു.

ചെങ്കടല്‍ സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ഇത് ദക്ഷിണ ചൈനാ കടലിടുക്ക്, ക്രിമിയ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ മറ്റ് പല മേഖലകളെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നവരെ സഹായിക്കുമെന്നും ഗ്രാന്റ് ഷാപ്‌സ് ചൂണ്ടിക്കാണിച്ചു.

‘ഹൂത്തികള്‍ തെറ്റിദ്ധാരണയ്ക്ക് വിധേയരാകരുത്. നിയമവിരുദ്ധമായ നടപടികളും ആക്രമണങ്ങളും തടയാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ചെങ്കടലില്‍ തുടര്‍ച്ചയായി നടക്കുന്ന ആക്രമണം ഇന്ധന വിലവര്‍ധനയ്ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നുണ്ട്. മാത്രമല്ല ഇത് അന്താരാഷ്ട്ര സമൂഹത്തിന് വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ഈ വിഷയങ്ങളില്‍ സഖ്യകക്ഷികള്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

നിലവില്‍ യു.എസിന്റെയും ബ്രിട്ടന്റെയും യുദ്ധക്കപ്പലുകള്‍ ഹൂത്തികളുടെ മിസൈലുകളും ഡ്രോണുകളും വെടിവെച്ചിടുന്നുണ്ട്. വന്‍തുക ചിലവഴിച്ചാണ് യു.എസും ബ്രിട്ടനും ഹൂത്തികള്‍ക്കെതിരെ നിലവില്‍ ചെങ്കടലില്‍ പ്രതിരോധം തീര്‍ക്കുന്നത്.

ചെങ്കടല്‍ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ സംരക്ഷിക്കുന്നതിനായി ഡിസംബറില്‍ യു.എസ് ഒരു അന്താരാഷ്ട്ര സുരക്ഷാ സഖ്യം രൂപീകരിച്ചിരുന്നു. യുകെ, കാനഡ, ഫ്രാന്‍സ്, ബഹ്‌റൈന്‍, നോര്‍വേ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളാണ് യു.എസ് സഖ്യത്തിന്റെ ഭാഗമായത്.

സഖ്യത്തിന്റെ ഭാഗമായി, എച്ച്.എം.എസ് ഡയമണ്ട് എന്ന ബ്രിട്ടീഷ് ടൈപ്പ് 45 ഡിസ്ട്രോയര്‍ ഡിസംബറില്‍ ഒരു ഡ്രോണിനെ വെടിവച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇതാദ്യമായാണ് നേവി ഇത്ര അക്രമാസക്തമായ ഒരു ഗ്രൂപ്പിനെതിരെ വ്യോമാക്രമണം നടത്തുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ചയും യു.എസ് നാവികസേന ചെങ്കടലില്‍ ഒരു കണ്ടെയ്നര്‍ കപ്പലില്‍ കയറാന്‍ ശ്രമിച്ച ഹൂത്തികളുടെ ചെറിയ ബോട്ടുകളെയും നശിപ്പിച്ചിരുന്നു.

യൂറോപ്പിലെ വിപണികളെ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന ചെങ്കടല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഷിപ്പിംഗ് പാതകളിലൊന്നാണ്. മിഡില്‍ ഈസ്റ്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ, ദ്രവീകൃത പ്രകൃതി വാതകങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഈ റൂട്ടിലെ ഹൂത്തി ആക്രമണങ്ങള്‍ ഇന്ധനവിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

UK defence secretary says British forces will repel Houthi attacks

We use cookies to give you the best possible experience. Learn more