| Sunday, 12th December 2021, 10:48 am

ജനുവരിയോടെ ഒമിക്രോണ്‍ ആഞ്ഞടിക്കും; യു.കെയ്ക്ക് മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: യു.കെയില്‍ അടുത്ത വര്‍ഷത്തോടെ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ആഞ്ഞടിക്കുമെന്ന് റിപ്പോര്‍ട്ട്. ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ അതിവേഗം വൈറസ് വ്യാപിക്കുമെന്ന് വിദഗ്ധര്‍ നടത്തിയ ശാസ്ത്രീയ പഠനത്തില്‍ പറയുന്നു.

വെള്ളിയാഴ്ച മാത്രം 448 പേര്‍ക്കാണ് യു.കെയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 1265 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

‘അടുത്ത വര്‍ഷം ജനുവരിയോടെ രോഗവ്യാപനം നിയന്ത്രണാതീതമാകും, ജനങ്ങള്‍ അലസത കാണിക്കരുത്,’ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ട്രോപ്പിക്കല്‍ മെഡിസിനിലെ ഡോക്ടറായ ഡോ. നിക്ക് ഡേവിസ് പറഞ്ഞു.

ഓരോ 2.4 ദിവസം കഴിയുമ്പോഴും വൈറസ് വ്യാപനം രാജ്യത്ത് വര്‍ധിക്കുകയാണെന്നാണ് പഠനത്തില്‍ പറയുന്നത്.

വാക്സിനേഷന്‍ എടുത്തവരില്‍ മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കാഠിന്യം കുറവാണെന്നും അതിനാല്‍ ആശുപത്രിവാസം വളരെ കൂടുതലായിരിക്കില്ലെന്നും പഠനം പറയുന്നു.

അതേസമയം ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദം വീണ്ടും അണുബാധ ഉണ്ടാക്കാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പ്രാഥമിക പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പേപ്പര്‍ ഇതുവരെ അവലോകനം ചെയ്തിട്ടില്ല.

ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: UK could face major Omicron wave from January next year, new analysis warns

We use cookies to give you the best possible experience. Learn more