വെസ്റ്റ് ബാങ്കിലെ ഇസ്രഈലി കുടിയേറ്റ സംഘടനകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യു.കെ
World News
വെസ്റ്റ് ബാങ്കിലെ ഇസ്രഈലി കുടിയേറ്റ സംഘടനകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യു.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th October 2024, 5:40 pm

ലണ്ടന്‍: വെസ്റ്റ് ബാങ്കിലെ ഇസ്രഈലി കുടിയേറ്റക്കാരുടെ സംഘടനകളെയും ഔട്ട്‌പോസ്റ്റുകളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യു.കെ. മേഖലയിലെ ഫലസ്തീനികള്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നതിലും ആക്രമണങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നതിലുമാണ് നടപടി. വെസ്റ്റ് ബാങ്കിലെ മൂന്ന് ഔട്ട്‌പോസ്റ്റുകളെയാണ് യു.കെ കരിമ്പട്ടികയില്‍ ചേര്‍ത്തത്.

ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തെ ഇസ്രഈലി കുടിയേറ്റക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് യു.കെ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഫലസ്തീനില്‍ കുടിയേറിക്കൊണ്ടുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രഈലി ഭരണകൂടം തയ്യാറാണമെന്നും യു.കെ ആവശ്യപ്പെട്ടു.

ഇസ്രഈലികളുടെ വെസ്റ്റ് ബാങ്കിലെ കുടിയേറ്റം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്നും യു.കെ ചൂണ്ടിക്കാട്ടി.

കുടിയേറ്റക്കാരുടെ നീക്കം ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിന് വെല്ലുവിളിയാകുമെന്നും യു.കെ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യാവകാശ സംഘടനകള്‍ രേഖപ്പെടുത്തിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇസ്രഈലി കുടിയേറ്റക്കാര്‍ക്കെതിരെ യു.കെ നടപടിയെടുത്തത്.

2024 ന്റെ തുടക്കത്തില്‍ നടത്തിയ ഫലസ്തീന്‍ സന്ദര്‍ശനത്തിനിടെ, ഇസ്രഈലി കുടിയേറ്റക്കാരുടെ ക്രൂരതകള്‍ക്ക് വിധേയരായ ഫലസ്തീനികളെ യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി നേരിട്ട് കാണുകയുണ്ടായി. ഈ ഘട്ടത്തില്‍ തന്നെ യു.കെ ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫലസ്തീനിലേക്കുള്ള ഇസ്രഈലികളുടെ കുടിയേറ്റവും വ്യാപനവും നെതന്യാഹു ഭരണകൂടം തടയണമെന്നും ഡേവിഡ് ലാമി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തുടര്‍ന്നും ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈലി കുടിയേറ്റക്കാര്‍ അതിക്രമങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് യു.കെ അധികൃതരുടെ നടപടി.

നേരത്തെ ഫലസ്തീനികള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്ന ഇസ്രഈലി കുടിയേറ്റക്കാരെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിലക്കിയിരുന്നു. വിസ റദ്ദാക്കിക്കൊണ്ടായിരുന്നു കുടിയേറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തത്.

അധിനിവേശ വെസ്റ്റ് ബാങ്കില്‍ സ്ഥാപിതമായ 146 വലിയ സെറ്റില്‍മെന്റുകളിലും 144 ചെറിയ ഔട്ട്പോസ്റ്റുകളിലുമായി ഏകദേശം അര ദശലക്ഷം ഇസ്രഈലികളാണ് താമസിക്കുന്നത്. സൈന്യത്തോടപ്പം അണിനിരന്ന് ഇസ്രഈലി കുടിയേറ്റക്കാര്‍ ഫലസ്തീനികളെ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുന്നതിന്റെയും തദ്ദേശീയരുടെ കൃഷിയിടങ്ങള്‍ തീയിട്ട് നശിപ്പിക്കുന്നതിന്റെയും തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം, ഇസ്രഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ 42,409 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 99,153 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 65 ഫലസ്തീനികളെയാണ് സൈന്യം കൊലപ്പെടുത്തിയത്. ഐ.ഡി.എഫിന്റെ ആക്രമണത്തില്‍ 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: UK blacklists Israeli settlement organizations in West Bank