'സ്ത്രീവിരുദ്ധ പരസ്യം' കാൽവിൻ ക്ലീനിന്റെ പോസ്റ്റർ വിലക്കി യു.കെ
World News
'സ്ത്രീവിരുദ്ധ പരസ്യം' കാൽവിൻ ക്ലീനിന്റെ പോസ്റ്റർ വിലക്കി യു.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th January 2024, 8:40 am

ലണ്ടൺ: പ്രമുഖ ഫാഷൻ ബ്രാൻഡായ കാൽവിൻ ക്ലീനിന്റെ പരസ്യം വിലക്കി യു.കെ അഡ്വെർടൈസ്‌മെന്റ് സ്റ്റാൻഡേർഡ് അതോറിറ്റി. പോപ് ഗായിക എഫ്.കെ.എ ട്വിഗ്‌സ് മോഡലായുള്ള പരസ്യമാണ് യു.കെ വിലക്കിയത്. ഈ പരസ്യം സ്ത്രീകളെ ഒരു ലൈംഗിക വസ്തു മാത്രമായി കാണുന്ന സ്റ്റീരിയോടിപ്പിക്കൽ മാതൃക പിന്തുടരുന്നുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി.

കഴിഞ്ഞ ഏപ്രിൽ മാസം ‘കാൽവിൻ ഓർ നത്തിങ്’ എന്ന വചകത്തോട് കൂടിയായിരുന്നു പരസ്യം പുറത്തിറക്കിയത്.


ബുധനാഴ്ച പരസ്യം വിലക്കികൊണ്ടുള്ള തീരുമാനം അറിയിച്ച എ.എസ്.എ ബ്രിട്ടീഷ് തെരുവുകളിൽ ഇനിയൊരിക്കലും ഈ പരസ്യം പ്രത്യക്ഷപ്പെടില്ലെന്നും പറഞ്ഞു.

വസ്ത്രത്തിന്റെ പരസ്യമെന്നതിനേക്കാൾ ഉപരിയായി ഒരു സ്ത്രീ ശരീരത്തെ കാണിക്കുക മാത്രമാണ് പരസ്യം ചെയ്യുന്നത്. സ്ത്രീയെ ഒരു ലൈംഗിക വസ്തു മാത്രമായി കാണുന്ന സ്റ്റീരിയോടിപ്പിക്കൽ മാതൃകയാണ് ഈ പരസ്യം മുന്നോട്ടു വെക്കുന്നതെന്നും പരസ്യം വിലക്കിക്കൊണ്ട് എ.എസ്.എ പറഞ്ഞു.

പോസ്റ്ററുകൾക്കെതിരെ രണ്ടു വ്യക്തികൾ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കൂടാതെ മറ്റു രണ്ടു പോസ്റ്ററുകൾക്ക് നേരെയും പരാതി ലഭിച്ചിരുന്നു. എന്നാൽ ആ പോസ്റ്ററുകൾ തെറ്റുകളില്ലെന്നാണ് എ.എസ്എ അറിയിച്ചത്.
അമേരിക്കൻ മോഡലായ കെൻഡാൽ ജെന്നറായിരുന്നു ഈ പരസ്യങ്ങളിൽ.

എ.എസ്.എയുടെ തീരുമാനത്തിനെതിരെ കാൽവിൻ ക്ലീൻ രംഗത്തെത്തി. എഫ്.കെ.എ ട്വിഗ്സും കെൻഡാൽ ജെന്നറും അവതരിപ്പിക്കുന്നത് നാച്ചുറലും ന്യൂട്രലും ആയ പോസുകൾ ആണെന്ന് കാൽവിൻ ക്ലീൻ പറഞ്ഞു. കൂടാതെ ഇത്തരത്തിലുള്ള പരസ്യങ്ങൾ ഒരുപാട് വർഷങ്ങളായി യു.കെയിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഈ പോസ്റ്ററുകൾ പുരോഗമനപരവും മുൻവിധികളെ മാറ്റുന്നതുമായ സന്ദേശമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത് എന്നും കാൽവിൻ ക്ലീൻ പറഞ്ഞു.

ഒരു പരാതിയുടെ മുകളിൽ പോലും എ.എസ്.എക്ക് നടപടി എടുക്കേണ്ടതായി വരുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ സൈറ്റിന്റെ പരസ്യവും വിലക്കിയിരുന്നു. അതിൽ അഭിനയിക്കുന്ന താരത്തിന് 25 വയസ്സിനു മുകളിൽ തോന്നിക്കുന്നില്ല എന്ന പരാതിയെ തുടർന്നാണ് പരസ്യം വിലക്കിയത്. കൂടാതെ സ്ത്രീയുടെ അർദ്ധ നഗ്ന ശരീരം കാണിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പരസ്യവും എ.എസ്.എ വിലക്കിയിരുന്നു.

Content Highlights: UK bans Calvin Klein ad for ‘objectifying women’