ലണ്ടൻ: യുകെയിൽ ഗസ അനുകൂലികളുടെ പ്രതിഷേധം നിരീക്ഷിച്ചു കൊണ്ടിരുന്ന പൊലീസ് കൺട്രോൾ റൂമിൽ യു.കെ ആന്റിസെമെറ്റിക് സംഘടനയായ കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് (സി.എസ്.ടി) അംഗങ്ങളും ഉണ്ടായിരുന്നതായി റിപ്പോർട്ട്. വാർത്താമാധ്യമമായ മിഡിൽ ഈസ്റ്റ് ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പോലീസ് കൺട്രോൾ റൂമിലെ സി.എസ്.ടി അംഗങ്ങളുടെ സാന്നിധ്യം പൊലീസിൽ ഉണ്ടാവുന്ന രാഷ്ട്രീയ സ്വാധീനങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ ശനിയാഴ്ച മറ്റൊരു പ്രതിഷേധ റാലി കൂടി നടക്കാൻ പോകുന്നതിനു മുമ്പായിട്ടാണ് യു.കെ പൊലീസിനൊപ്പം ആന്റിസെമിറ്റിക് സംഘടനാ അംഗങ്ങളുടെ സാനിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ഗ്ലോബൽ ഡേ ഓഫ് ആക്ഷൻ ഫോർ ഗസ’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.
കൂടാതെ യു.കെ ഗവൺമെന്റിലും പൊലീസിലുമുള്ള ആന്റിസെമിറ്റിക് സംഘടനാ അംഗങ്ങളുടെ ബന്ധം നിരവധി വിമർശനങ്ങളാണ് ഉയർത്തുന്നത്. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളും റാലികളും വിലക്കണമെന്ന് യു.കെ മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. ഇത്തരം റാലികളും പ്രതിഷേധ പരിപാടികളും യുകെയിൽ ഉള്ള ജൂതരുടെ അവകാശങ്ങളെയും സമാധാനത്തെയും നശിപ്പിക്കുകയാണെന്നതായിരുന്നു ഇതിന് കാരണമായി പറഞ്ഞത്.
കൂടാതെ ഇതിനുമുമ്പ് ഉണ്ടായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ആളുകളെ തീവ്രവാദബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ സി.എസ്.ടി സ്വാഗതം ചെയ്യുകയാണ് ചെയ്തത്.
മെട്രോപൊളിറ്റൻ പൊലീസ് നൽകിയ വിവരങ്ങൾ അനുസരിച്ച് 400 ആളുകളെയാണ് ഇതുവരെ ഗസ അനുകൂല പ്രതിഷേധത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്. കൂടാതെ 30ൽ അധികം തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം നടത്തിയതായും അവർ പറയുന്നു.
കൂടാതെ പൊലീസ് കൺട്രോൾ റൂമിൽ ഉണ്ടായിരുന്ന സി.എസ്ടി. ഉദ്യോഗസ്ഥരെ കുറിച്ചുള്ള ചോദ്യത്തിന് ഒരുപാട് ആളുകളെയും കമ്മ്യൂണിറ്റി നേതാക്കളെയും തങ്ങൾ അവിടേക്ക് വിളിച്ചിരുന്നുവെന്നാണ് പോലീസ് വക്താവ് അറിയിച്ചത്.
മുസ്‌ലിം വിഭാഗത്തിൽപ്പെട്ട ആളുകളെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് തങ്ങൾ അങ്ങനെ പ്രത്യേകം ഗ്രൂപ്പുകളിലേക്കോ പേരുകളിലേക്കോ പോകുന്നിലെന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ യുകെയിൽ നടക്കുന്ന പ്രതിഷേധ റാലികളെല്ലാം സമാധാനപരമാണെന്ന് സംഘാടകർ പറഞ്ഞു.
തങ്ങളെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമാണ് ഈ പ്രതിഷേധങ്ങൾ നടക്കുന്നതെന്ന് യു.കെയിലെ ജൂത സംഘടനകൾ ആരോപിച്ചു.
Content Highlights: UK antisemitism monitor inside police operations room during Gaza war protests