ബെല്‍ഫാസ്റ്റ്: യു.കെയില്‍ അഞ്ച് ദിവസമായി തുടര്‍ന്ന് വരുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തില്‍ മലയാളി യുവാവിന് പരിക്കേറ്റു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ തലസ്ഥാന നഗരമായ ബെല്‍ഫാസ്റ്റിലെ താമസക്കാരനായ യുവാവിനെയാണ് പ്രതിഷേധക്കാര്‍ ആക്രമിച്ചത്.
ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന്,നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ യുവാവിന് നേരെ അക്രമികള്‍ മുട്ട എറിയുകയും, ഇത് യുവാവ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ സംഘം ചേര്‍ന്ന് പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു.
യുവാവിന്റെ പരിക്ക് ഗുരുതരമല്ല.ഇയാള്‍ നടന്ന് പോകുമ്പോള്‍ അക്രമി സംഘം പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ യുവാവ് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടുകയും, ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അതിനാല്‍ പൊലീസ് നടപടികള്‍ വൈകുന്നതായാണ് വിവരം.
ആക്രമണത്തിന് പിന്നാലെ പ്രക്ഷോഭ മേഖലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമമെന്ന് ആവശ്യപ്പെട്ട് മലയാളി സംഘടനകള്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ മുന്നറിയിപ്പ് സന്ദേശം നല്‍കിയിട്ടുണ്ട്.
കൂട്ടംകൂടി നിന്ന് മലയാളം സംസാരിച്ച് അക്രമികളെ പ്രകോപിപ്പിക്കുന്നതില്‍ നിന്ന് മലയാളികള്‍ വിട്ട് നില്‍ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
അടുത്തിടെ യു.കെയില്‍ എത്തുന്ന കുടിയേറ്റക്കാര്‍ തദ്ദേശീയരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പെരുമാറുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.
യു.കെയില്‍ കുറച്ച് കാലങ്ങളായി ഏഷ്യന്‍,ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ വംശീയ ആക്രമണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണിത്.
യു.കെയിലെ സൗത്ത് പോര്‍ട്ടില്‍, ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഡാന്‍സ് പാര്‍ട്ടിക്കിടെ മൂന്ന് പെണ്‍കുട്ടികളെ 17കാരന്‍ കുത്തിക്കൊന്നതോടെയായിരുന്നു കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമാവുന്നത്.
കൊലപാതകത്തിന് പിന്നില്‍ തീവ്ര ഇസ്ലാമിക് കുടിയേറ്റക്കാരനാണെന്ന് വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രക്ഷോഭം ആളിപ്പടരുകയായിരുന്നു.എന്നാല്‍ കുറ്റവാളി ബ്രിട്ടീഷ് വംശജനായ ആക്സല്‍ മുഗന്‍വ റുഡകുബാനയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlight: UK Anti Immigrant Riot Malayali Men Attacked