ലണ്ടന്‍: ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ധനസഹായം പുനരാരംഭിക്കുമെന്ന് ബ്രിട്ടന്‍. ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി വെള്ളിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
27.1 മില്യണ്‍ ഡോളര്‍ യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യൂ.എയ്ക്ക് നല്‍കുമെന്നാണ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ ഡേവിഡ് ലാമി പറഞ്ഞത്.
ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ധനസഹായം ബ്രിട്ടന്‍ താത്കാലികമായി നിർത്തിവെച്ചിരുന്നു. ശേഷം അഞ്ചുമാസങ്ങള്‍ക്കിപ്പുറമാണ് ധനസഹായം പുനരാരംഭിക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചത്.
ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും വെടിനിര്‍ത്തല്‍ നിലവില്‍ വരുമ്പോള്‍ ഗസയുടെ പുനര്‍നിര്‍മാണത്തിനും ഫണ്ട് അത്യാവശ്യമാണെന്നും പാര്‍ലമെന്റില്‍ ലാമി പാറഞ്ഞു.
‘ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ മാനുഷിക സഹായം നല്‍കുകയെന്നത് ഒരു ധാര്‍മിക ആവശ്യകതയാണ്. ബ്രിട്ടന്റെ പിന്തുണ
സാധാരണക്കാരില്‍ എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് സഹായ ഏജന്‍സികളാണ്,’ ലാമി പറഞ്ഞു.
നേരത്തെ യുദ്ധാനന്തരം ഗസയുടെ പുനര്‍നിര്‍മാണത്തിനായി സൈന്യത്തെ അയക്കാന്‍ സന്നദ്ധത അറിയിച്ച് യു.എ.ഇ രംഗത്തെത്തിയിരുന്നു. ഗസയിലെ ഫലസ്തീനികള്‍ക്കായുള്ള ബഹുരാഷ്ട്ര ദൗത്യത്തിലേക്ക് സൈന്യത്തെ അയക്കാന്‍ സന്നദ്ധത അറിയിക്കുന്ന ആദ്യ രാജ്യമാണ് യു.എ.ഇ.
വിദേശകാര്യ മന്ത്രാലയത്തിലെ പ്രത്യേക വക്താവ് ലാന നുസെയ്‌ബെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഗസയുടെ പ്രതിരോധത്തിനും ഫലസ്തീനിലെ മാനുഷിക, പുനര്‍നിര്‍മാണ ആവശ്യങ്ങള്‍ പരിഹരിക്കാനും വേണ്ടിയാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് നുസെയ്‌ബെ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു. ഗസയിലെ യുദ്ധാനന്തര പദ്ധതികള്‍ക്ക് അമേരിക്ക നേതൃത്വം വഹിക്കുകയാണെങ്കില്‍ സൈന്യത്തെ വിട്ടുനല്‍കാന്‍ തയ്യാറാണെന്നാണ് യു.എ.ഇ അറിയിച്ചത്.
Content Highlight: UK announces it will resume funding Unrwa