ലണ്ടൻ: ചെങ്കടലിൽ യെമനെ നേരിടുന്നത് പ്രയാസകരമെന്ന് സമ്മതിച്ച് ബ്രിട്ടൻ. യെമന്റെ സായുധ സേനയെയും കടലിലെ അൻസാറുള്ള പ്രതിരോധ സംഘത്തെയും നേരിടുന്നതിന് ആവശ്യമായ മിസൈലുകളോ പ്രാപ്തിയോ തങ്ങൾക്കില്ല എന്ന് സമ്മതിച്ച് ബ്രിട്ടന്റെ റോയൽ നേവി.
ഇസ്രഈൽ ഉടമസ്ഥതയിലുള്ളതും അധിനിവേശപ്രദേശങ്ങളിലേക്ക് പോകുന്നതുമായ കപ്പലുകൾക്ക് നേരെ ഹൂത്തികൾ ആക്രമണം നടത്തുന്നത് തുടരുകയാണ്. ഫലസ്തീനികൾക്കായുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് യെമൻ കപ്പലുകളെ ആക്രമിക്കുന്നത്.
ചെങ്കടലിലുള്ള ബ്രിട്ടന്റെ എച്ച്.എം.എസ് ഡയമണ്ട് റോയൽ നേവി ഡിസ്ട്രോയറിന് ലക്ഷ്യസ്ഥാനത്തേക്ക് വെടിവെക്കാനുള്ള കഴിവില്ലെന്ന് പ്രതിരോധ മന്ത്രാലയത്തിലെ വാർത്താ സ്രോതസിനെ ഉദ്ദരിച്ചുകൊണ്ട് ബ്രിട്ടനിലെ ദിനപത്രമായ ഡെയിലി ടെലിഗ്രാം റിപ്പോർട്ട് ചെയ്തു. ചെങ്കടലിൽ ഹൂത്തികളുടെ ഡ്രോണുകൾ തകർക്കുന്നതിലാണ് ഇപ്പോൾ എച്ച്.എം.എസ് ഡയമണ്ട് ഏർപ്പെട്ടിരിക്കുന്നത്. അവരുടെ കൈവശമുള്ള പ്രവർത്തിക്കുന്ന ഏക ആയുധസംവിധാനം ആർട്ടിലറി ഗൺസ് മാത്രമാണെന്നും റിപ്പോർട്ട് പറയുന്നു.
‘റോയൽ നേവിയുടെ കപ്പലിന്റെ ഉപരിതലത്തിൽ നിന്ന് പ്രവർത്തിക്കാൻ കഴിയുന്ന ലാൻഡ് അറ്റാക്ക് മിസൈലിൻ്റെ അഭാവത്തെ കുറിച്ച് രണ്ട് വർഷം മുമ്പുള്ള ഒരു പ്രതിരോധ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേകം പ്രതിപാദിച്ചിരുന്നു. ഇത് ഇപ്പോഴും പ്രവർത്തന സജ്ജമല്ല എന്നത് നിരാശാജനകമാണ്,’ കൺസർവേറ്റീവ് എം.പിയും മുൻ സായുധ സേനാ മന്ത്രിയുമായ മാർക്ക് ഫ്രാങ്കോയിസ് ഡെയ്‌ലി ടെലിഗ്രാഫിനോട് പറഞ്ഞു.
ചെങ്കടലിലെ ആക്രമണങ്ങൾ തടയാനുള്ള ശ്രമത്തിൽ ബ്രിട്ടൻ അമേരിക്കക്കൊപ്പം ചേർന്നു. ഇപ്പോൾ യെമനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ആക്രമണങ്ങൾ നടത്തുന്നത് അമേരിക്കൻ നാവികസേനയാണ്.
2023 ഒക്‌ടോബർ ഏഴിനാണ് ഇസ്രഈൽ ഫലസ്തീനിൽ യുദ്ധം ആരംഭിച്ചത്. ഫലസ്തീൻ്റെ പോരാട്ടത്തിന് യെമനികൾ തുറന്ന പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇസ്രഈൽ ഗസയിൽ യുദ്ധം അവസാനിപ്പിക്കുന്നത് വരെ ചെങ്കടലിൽ ആക്രമണം തുടരുമെന്ന് യെമനിലെ ഹൂത്തി വിമതർ അറിയിച്ചു.
Content Highlight: UK admits to ‘lack of capability’ to target Yemeni positions in Red Sea: Report