| Saturday, 6th October 2018, 2:33 pm

പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഗ്യാസ് ബി.ജെ.പി നേതാവ് മറിച്ചുവിറ്റു: നേതാവിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 37 എല്‍.പി.ജി സിലിണ്ടറുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരംഭിച്ച ഉജ്ജ്വല യോജന പദ്ധതിക്കുവേണ്ടി കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറുകള്‍ ബീഹാറിലെ ബി.ജെ.പി നേതാവ് മറിച്ചുവില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ആരോപണത്തിനു പിന്നാലെ ബി.ജെ.പി നേതാവ് സന്തോഷ് കുമാറിന്റെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 37 എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് 1600 രൂപ വിലയുള്ള എല്‍.പി.ജി കണക്ഷന്‍ സൗജന്യമായി നല്‍കുന്നതാണ് ഉജ്ജ്വല യോജന പദ്ധതി. സ്ത്രീകളെ അടുപ്പിലെ പുകയില്‍ നിന്നും രക്ഷിക്കുകയെന്ന പ്രഖ്യാപനത്തോടെയായിരുന്നു മോദി സര്‍ക്കാര്‍ ഈ പദ്ധതി കൊണ്ടുവന്നത്.

സന്തോഷ് കുമാര്‍ എല്‍.പി.ജി സിലിണ്ടറുകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന ആരോപണവുമായി ജനങ്ങള്‍ രംഗത്തെത്തിയതോടെയാണ് എസ്.ഡി.ഒ അഷിഷ് നാരായണന്‍ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

Also Read:എന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ചില ദൗത്യങ്ങളുണ്ട്, അത് നിറവേറ്റും; നിലപാട് വ്യക്തമാക്കി ദിവ്യ സ്പന്ദന

സിലിണ്ടറുകള്‍ സ്റ്റോക്കില്ലയെന്നാണ് ഇവര്‍ ആളുകളോട് പറഞ്ഞിരുന്നത്. എന്നാല്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി എത്തിച്ച സിലിണ്ടറുകള്‍ ബി.ജെ.പി നേതാക്കള്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുകയായിരുന്നു.

കൂടാതെ സിലിണ്ടറുകള്‍ക്ക് പാവപ്പെട്ടവരില്‍ നിന്നും പണം ഈടാക്കിയെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് ഓഫീസര്‍ പറയുന്നു.

എന്നാല്‍ ഗ്യാസ് ഏജന്‍സി ഇടപാടുകാരന്‍ സിലിണ്ടറുകള്‍ ഒരുദിവസത്തേക്ക് വീട്ടില്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് വീട്ടില്‍ സൂക്ഷിച്ചതെന്നാണ് ബി.ജെ.പി നേതാവിന്റെ വാദം.

We use cookies to give you the best possible experience. Learn more