| Thursday, 28th September 2023, 8:26 am

ഉജ്ജയിനിയിലെ ബലാത്സംഗം; പെൺകുട്ടി എവിടെ നിന്ന് വന്നതെന്ന് മനസിലാകാതെ പൊലീസ്, ഒരാൾ കസ്റ്റഡിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: ഉജ്ജയിനിയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി എവിടെ നിന്ന് വന്നതാണെന്ന് മനസിലാകാതെ പൊലീസ്. കൃത്യമായ പേരോ വിലാസമോ നൽകാൻ പെൺകുട്ടിക്ക് സാധിക്കുന്നില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പെൺകുട്ടി എങ്ങനെ അവിടെ എത്തിയെന്നും എവിടെ വെച്ചാണ് ആക്രമിക്കപ്പെട്ടതെന്നും അന്വേഷിച്ചുവരികയാണ് എന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ കുടുംബത്തെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

പെൺകുട്ടി ഉത്തർപ്രദേശ് സ്വദേശിനി ആണെന്നാണ് പൊലീസ് സംശയിക്കുന്നത്.
‘എവിടെ നിന്നാണ് വന്നതെന്നോ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളോ പെൺകുട്ടിക്ക് പറയാൻ സാധിക്കുന്നില്ല. അവൾ ഉത്തർപ്രദേശിൽ നിന്ന് വന്നതെന്നാണ് കരുതുന്നത്. എന്നാൽ കൃത്യമായ രേഖകൾ ഒന്നും ഇല്ലാത്തതിനാൽ, അവളുടെ വിലാസമോ കുടുംബാംഗങ്ങളെയോ കണ്ടെത്തുക പ്രയാസമായിരിക്കും,’ ഉജ്ജയിൻ എസ്.പി സച്ചിൻ ശർമ പറഞ്ഞു.

ബലാത്സംഗത്തിനിരയായ 12 വയസുകാരി രക്തം വാർന്ന് സഹായമഭ്യർത്ഥിച്ച് വീടുകൾ തോറും ചെല്ലുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒരു മണിക്കൂറോളം പരിസരത്ത് അലഞ്ഞുനടന്ന പെൺകുട്ടിയെ ഒരാൾ ആട്ടിയോടിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

വൈദ്യപരിശോധനയിൽ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളിൽ പെൺകുട്ടിയോട് സംസാരിക്കുന്നത് കണ്ട ഒരു ഓട്ടോറിക്ഷ ഡ്രൈവറെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സാഹചര്യതെളിവുകൾ ഉണ്ടെന്നും ഉടൻ അറസ്റ്റിലേക്ക് നീങ്ങുമെന്നും പൊലീസ് അറിയിച്ചു.

സമീപത്തുള്ള ആശ്രമത്തിൽ ഗുരുകുലം നടത്തുന്ന രാഹുൽ ശർമയാണ് പെൺകുട്ടിയെ കണ്ടെത്തി പോലീസിനെ വിവരം അറിയിച്ചത്.
‘ഞാൻ ഒരു പ്രധാനപ്പെട്ട കാര്യത്തിനായി പോകുകയായിരുന്നു. പ്രധാന ഗേറ്റിന്റെ കുറച്ചപ്പുറത്ത് പെൺകുട്ടി മാറി നിൽക്കുന്നത് ഞാൻ കണ്ടു. അവൾ കീറിപ്പറിഞ്ഞ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അവളുടെ ദേഹത്ത് നിന്ന് രക്തം വരുന്നുണ്ടായിരുന്നു. കണ്ണൊക്കെ തള്ളി ആകെ പേടിച്ചരണ്ടിരുന്നു,’ രാഹുൽ ശർമ പറഞ്ഞു.

പെൺകുട്ടിക്ക് ധരിക്കാൻ വസ്ത്രവും കഴിക്കാൻ ആഹാരവും നൽകിയ ശർമ കുടുംബത്തെ കുറിച്ച് ചോദിച്ചെങ്കിലും ഭാഷ മനസ്സിലായില്ലെന്നും പൊലീസിനെ വിളിച്ചുവെന്നും ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
‘ഞാൻ അവൾക്ക് ഒരു 100 രൂപ നൽകി. പൊലീസിനെ വിളിച്ചു. ഒരു പേനയും കടലാസും ഞാൻ കൊടുത്തെങ്കിലും കുട്ടിക്ക് ഒന്നും എഴുതാൻ പറ്റിയില്ല.

ഇതൊരു പുണ്യ നഗരമാണ്. ഇവിടെയുള്ള ആളുകൾ സഹായമനസ്കത ഉള്ളവരായിരിക്കണം. എന്നാൽ കരഞ്ഞുകൊണ്ട് വാതിലുകൾ തോറും കയറിയിറങ്ങിയ അവളെ ആരും സഹായിച്ചില്ല. മനുഷ്യത്വമേ ഇല്ല എന്ന മോശം സന്ദേശമാണ് ഇത് നൽകുന്നത്,’ ശർമ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഇൻഡോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി ഇപ്പോൾ.

Content Highlight: Ujjain rape; Police unable to track girl’s whereabouts, one suspect in custody

We use cookies to give you the best possible experience. Learn more